കോട്ടയം സിജെഎം കോടതിയില്‍ അഭിഭാഷകരുടെ പ്രതിഷേധ പ്രകടനം; അസഭ്യം വിളിച്ചവര്‍ക്കെതിരെ നടപടിക്ക് സാധ്യത

കോട്ടയം : ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും അഭിഭാഷകരും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. കോട്ടയം സിജെഎം കോടതിയിലെ മജിസ്‌ട്രേറ്റിനെ അസഭ്യം വിളിച്ച അഭിഭാഷകര്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.സംഭവത്തില്‍ ജില്ലാ ജഡ്ജിയും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രതിഷേധ പ്രകടനത്തിനിടെ അസഭ്യം പറഞ്ഞ അഭിഭാഷകര്‍ കോടതി നടപടികള്‍ എട്ട് മിനിറ്റോളം തടസപ്പെടുത്തിയതായി സിജെഎം ദൈനംദിന റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി.

    

ജാമ്യത്തിനായി വ്യാജരേഖ ചമച്ചെന്നാരോപിച്ച്‌ മുതിര്‍ന്ന അഭിഭാഷകന്‍ എം.പി. നവാബിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ വ്യാഴാഴ്ച കോട്ടയം കളക്ടറേറ്റ് വളപ്പിലെ കോടതികള്‍ ബഹിഷ്‌കരിച്ച അഭിഭാഷകര്‍ കോടതി വരാന്തയില്‍ പ്രതിഷേധിച്ചു. ഇരുന്നൂറോളം അഭിഭാഷകരാണ് പ്രതിഷേധിച്ചത്. കോടതി നടപടികള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചതും ബഹളത്തിനിടയാക്കി. വീഡിയോഗ്രാഫറെ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് അഭിഭാഷകരും പോലീസുമായി വാക്കേറ്റമുണ്ടായി. ഇതോടെ കോടതി നടപടികളും തടസപ്പെട്ടു. കോടതി വരാന്തയില്‍ അഭിഭാഷകര്‍ പ്രതിഷേധയോഗവും നടത്തി.
2013 ല്‍ വിധിച്ച കേസില്‍ കോടതിയില്‍ ഹാജരാക്കിയ ജാമ്യക്കാരന്‍ വ്യാജനാണെന്ന കാരണത്താല്‍ അഭിഭാഷകനെ രണ്ടാം പ്രതിയാക്കി കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തതാണ് കാരണം. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി ശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീല്‍ നല്കി.അപ്പീല്‍ തള്ളിയതോടെ ഇയാള്‍ ഒളിവില്‍ പോയി. തുടര്‍ന്ന് ജാമ്യക്കാരെ കഴിഞ്ഞമാസം 25ന് കോടതി വിളിച്ചുവരുത്തി. എന്നാല്‍ താന്‍ ജാമ്യം നിന്നിട്ടില്ലെന്ന് ഒരു ജാമ്യക്കാരന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇയാളുടെ കരമടച്ച രസീത് വ്യാജമാണെന്ന് കണ്ടെത്തി. ഇതോടെയാണ് പ്രതിക്കും അഭിഭാഷകനുമെതിരേ കോടതി നടപടിയെടുത്തത്.
ഇത്തരം സംഭവങ്ങളില്‍ അഭിഭാഷകനെതിരെ കേസെടുക്കാറില്ലെന്നാണ് അഭിഭാഷകര്‍ പറയുന്നത്. പ്രതിയാണ് ജാമ്യക്കാരനെ കൊണ്ടുവരുന്നത്. പ്രതി ഹാജരാക്കുന്ന രേഖകളുടെ ആധികാരികത ഉറപ്പുവരുത്താന്‍ എങ്ങനെ കഴിയുമെന്നാണ് അഭിഭാഷകര്‍ ചോദിക്കുന്നത്.കോട്ടയം ബാറിലെ അഭിഭാഷകനായ എം.വി. നവാബിനെതിരായ നിയമനടപടികള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് ജില്ലാ കമ്മറ്റി പ്രമേയത്തില്‍ ആവശ്യപ്പെട്ടു. അഭിഭാഷകനെതിരെ കേസ് എടുക്കാന്‍ നടപടി സ്വീകരിച്ച മജിസ്ട്രേറ്റ് കോടതിയുടെ നടപടിയില്‍ ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ സമിതി പ്രതിഷേധിച്ചു.
കോട്ടയം സിജെഎം കോടതി നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ഈസ്റ്റ് പോലീസ് കേസെടുത്തതെന്നത് ഗുരുതരമായ തെറ്റാണ്. പ്രതിയുടെ ജാമ്യത്തിനു വേണ്ട രേഖകള്‍ കോടതി മുന്‍പാകെ സമര്‍പ്പിച്ചു എന്നല്ലാതെ, ഇത് അഭിഭാഷകന്‍ ഉണ്ടാക്കിയതാണെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതും കേസെടുപ്പിക്കുന്നതും അഭിഭാഷകരുടെ നിലനില്പിനെ ബാധിക്കുന്നതാണെന്ന് അഭിഭാഷക പരിഷത്ത് ജില്ലാ സമിതി പ്രമേയത്തിലൂടെ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു