തിരുവനന്തപുരം: പാർട്ടിവിലക്ക് ലംഘിച്ച് ഫലസ്തീൻ ഐക്യദാർഢ്യറാലി സംഘടിപ്പിച്ചതിന് ആര്യാടൻ ഷൗക്കത്തിന് കെ.പി.സി.സിയുടെ താക്കീത്. വിഭാഗീയ പ്രവർത്തനം ആവർത്തിക്കരുത്. ഖേദം പ്രകടിപ്പിച്ചുള്ള കത്ത് മുഖവിലക്കെടുത്താണ് താക്കീത് നൽകിയത്. ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ ബ്ലോക്, മണ്ഡലം കമ്മിറ്റികൾ രൂപീകരിക്കരുതെന്നും കെ.പി.സി.സി നിർദേശിച്ചു.
പാർട്ടി വിലക്ക് ലംഘിച്ചു കൊണ്ട് ഫലസതീൻ ഐക്യദാർഢ്യ റാലി ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ നടത്തിയത് അച്ചടക്ക ലംഘനമാണെന്ന് അച്ചടക്ക സമിതി കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടർന്ന് നിരുപാധികം ഖേദം പ്രകടിപ്പിച്ചു കൊണ്ട് ആര്യാടൻ ഷൗക്കത്ത് അച്ചടക്കസമിതിക്ക് കത്ത് നൽകിയിരുന്നു. ഈ കത്ത് മുഖവിലക്കെടുത്താണ് നടപടി ശക്തമായ താക്കീതിലൊതുക്കാനുള്ള തീരുമാനം കെ.പി.സി.സി നേതൃത്വം എടുത്തിരിക്കുന്നത്.
ഇത് ചൂണ്ടകാട്ടി കൊണ്ട് ആര്യാടൻ ഷൗക്കത്തിന് കത്ത് നൽകുകയും ചെയ്തു. ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ ബ്ലോക്, മണ്ഡലം കമ്മിറ്റികൾ രൂപീകരിക്കരുത്. ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്താൻ പോകുന്ന പരിപാടികൾക്ക് മുൻകൂട്ടി ഡി.സി.സി നേതൃത്വത്തെ അറിയിച്ച് അനുമതി വാങ്ങണം. മേലാൽ അച്ചടക്ക ലംഘനം ആവർത്തിക്കരുത് എന്നീ കാര്യങ്ങളാണ് കത്തിൽ പറയുന്നത്.
ആര്യാടൻ ഷൗക്കത്തിന് പാർട്ടി പരിപാടികളിൽ കെപിസിസി വിലക്കേർപ്പെടുത്തിയിരുന്നു. ഇന്നലെ നടന്ന കോൺഗ്രസ് പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ഷൗക്കത്ത് പങ്കെടുക്കരുതെന്ന് പാർട്ടി നിർദ്ദേശം നൽകിയിരുന്നു. അച്ചടക്ക സമിതി ശുപാർശയിൽ തീരുമാനം വരാത്തത് കൊണ്ടായിരുന്നു നിർദ്ദേശം. നേരത്തെ, പാർട്ടി അച്ചടക്കം ലംഘിച്ച് മലപ്പുറത്ത് റാലി നടത്തിയതിന് ഷൗക്കത്തിനെ പാർട്ടി പരിപാടികളിൽ നിന്ന് മാറ്റി നിർത്തിയിരുന്നു.
ആര്യാടന്‍ ഷൗക്കത്തിനെതിരായ അച്ചടക്ക നടപടി കോണ്‍ഗ്രസ് മയപ്പെടുത്തുമെന്ന് സൂചനയുണ്ടായിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ അച്ചടക്കസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കടുത്ത നടപടിക്ക് ശുപാര്‍ശയില്ല. ഷൗക്കത്തിനെതിരെ ചെറിയ തരത്തിലുള്ള നടപടി ഉണ്ടായാല്‍ പോലും കോഴിക്കോട് നടക്കുന്ന റാലിയെ ബാധിക്കുമെന്ന ഭയമാണ് പാര്‍ട്ടിക്കുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു