തിരുവനന്തപുരം: മീനാക്ഷിപുരം കവർച്ച കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം. കസ്റ്റഡിയിലായി 125 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് ജാമ്യം ലഭിച്ചത്. അർഹതയില്ലാഞ്ഞിട്ടും പ്രതിക്ക് ജാമ്യം ലഭിച്ചതിന് കാരണം പ്രോസിക്യൂഷന്റെ വീഴ്ചയെന്ന് കോടതിയുടെ രൂക്ഷ വിമർശനം.
പ്രതിക്കെതിരെ ചുമത്തപ്പെട്ടിരുന്നത് ഗുരുതര കുറ്റകൃത്യമാണ്. പ്രതിയുടെ പൂർവ്വകാല ചരിത്രവും വളരെ മോശമാണ്. അർഹതയില്ലാഞ്ഞിട്ടും പ്രതിക്ക് ജാമ്യം ലഭിച്ചതിന് കാരണം പ്രോസിക്യൂഷന്റെ വീഴ്ച്ചയാണ്. കുറ്റപത്രം കൃത്യസമയത്ത് സമർപ്പിക്കാത്തതിനാൽ ജാമ്യം നൽകാൻ നിർബന്ധിതമായെന്നും കോടതി വിമർശിച്ചു.
മീനാക്ഷിപുരത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 75 പവൻ സ്വർണം തട്ടിയെടുത്ത കേസിലാണ് അർജുൻ ആയങ്കിക്ക് ജാമ്യം ലഭിച്ചത്. കേസിൽ സിപിഎം നേതാക്കൾ ഉൾപ്പെടെ പതിനൊന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാർച്ച് 26നാണ് തൃശൂരിൽ നിന്നും മധുരയിലെ ജ്വല്ലറിയിലേക്ക് സ്വർണാഭരണങ്ങൾ കൊണ്ടും പോയ വ്യാപാരിയെ ആക്രമിച്ച് സ്വർണം തട്ടിയത്.
നേരത്തെ ഡിവൈഎഫ്ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്നു അർജുൻ ആയങ്കി. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെയും ഇയാൾക്കെതിരെ കേസുണ്ട്. സിപിഐഎം- ലീഗ്, സിപിഐഎം- ബിജെപി സംഘർഷങ്ങളിൽ പ്രതിസ്ഥനാനത്തുണ്ടായിരുന്ന അർജുൻ ആയങ്കി ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്ഐ ഇയാളെ പുറത്താക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു