ചെന്നൈ∙ കള്ളപ്പണം വെളുപ്പിച്ചതിന് തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള പ്രണവ് ജ്വല്ലറിക്കെതിരായ കേസിൽ ഇ.ഡി നോട്ടിസ് അയച്ചതിനു പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് നടൻ പ്രകാശ് രാജ്. മോദിയുടെ സാന്നിധ്യത്തിൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോടു തോറ്റതിന്റെ ചുവടുപിടിച്ചാണ് പ്രകാശ് രാജിന്റെ പരിഹാസം. ഇന്ത്യ ലോകകപ്പ് ജയിച്ചിരുന്നെങ്കിൽ മോദിയുടെ നേതൃത്വത്തിൽ ആഘോഷിക്കാൻ ബിജെപി പദ്ധതി തയാറാക്കിയിരുന്നുവെന്നു വിശദീകരിക്കുന്ന, ഒരു കോൺഗ്രസ് അനുകൂല അക്കൗണ്ടിൽ വന്ന കുറിപ്പു പങ്കുവച്ചാണ് പ്രകാശ് രാജിന്റെ പരിഹാസം.
‘‘പ്രധാന നടന്റെ തിരക്കഥ പാടേ പാളിയിരിക്കുന്നു. ഇനിയും ഇതുപോലെ ഒരുപാടു കാര്യങ്ങൾ വരും’’ – കുറിപ്പ് പങ്കുവച്ച് പ്രകാശ് രാജ് എഴുതി. നേരത്തെ, വിവാദ ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡറായ നടനോട് അടുത്തയാഴ്ച ചെന്നൈയിലെ ഓഫിസിൽ ചോദ്യം ചെയ്യലിനു ഹാജരാകാനാണ് ഇ.ഡി നോട്ടിസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ജ്വല്ലറിയിൽനിന്നു കണക്കിൽപെടാത്ത 23.7 ലക്ഷം രൂപയും 11.6 കിലോ സ്വർണവും ഇ.ഡി പിടിച്ചെടുത്തിരുന്നു. പ്രകാശ് രാജ് പങ്കുവച്ച കുറിപ്പിൽനിന്ന്: രാജസ്ഥാനിലെ ഒരു ബിജെപി നേതാവ് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനട്ടെയോട് ഞെട്ടിക്കുന്ന ഒരു സത്യം വെളിപ്പെടുത്തിയിരിക്കുന്നു. ഇത് നിങ്ങളെ ത്രസിപ്പിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു