കോഴിക്കോട്: താൻ എപ്പോഴും പലസ്തീനൊപ്പമാണെന്നും ഇസ്രയേലിന് അനുകൂലമായി ഒന്നും പറഞ്ഞിട്ടില്ലെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ. തന്റെ പ്രസംഗം ചിലർ വ്യാഖ്യാനിച്ച് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അന്നത്തെ പ്രസംഗം പൂർണമായും യൂട്യൂബിൽ ഉണ്ട്. സംശയം ഉള്ളവർക്ക് പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട്ട് കോൺഗ്രസ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മാസം ഇതേ കടപ്പുറത്ത് മുസ്ലിം ലീഗ് റാലി നടത്തി. അന്നും ഞാൻ പറഞ്ഞു, ഇത് മുസ്ലിം മതത്തിന്റെ പ്രശ്നമല്ല. ഇത് മനുഷ്യന്റെ പ്രശ്നമാണ്. എന്റെ പ്രസംഗം തെറ്റിദ്ധരിപ്പിക്കാൻ ചിലർ ബോധപൂർവം ശ്രമിച്ചു. ഞാൻ നേരിട്ട് പറയുന്നു, ഞാൻ എല്ലാ കാലത്തും പലസ്തീനിനൊപ്പം. ഞാൻ പറയുന്ന കാര്യങ്ങൾ ഞാൻ കണ്ട കാര്യങ്ങളാണ്. ഈ വിഷയം എനിക്ക് ആരും പഠിപ്പിച്ചുതരേണ്ട ആവശ്യമില്ല, തരൂർ പറഞ്ഞു.
അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ ദുരന്തമാണ് നടന്നത്. 45 ദിവസം കൊണ്ടാണ് ഇത്രയും അധികം ആളുകൾ മരിച്ചത്. എന്തൊക്കെ ആണ് ഗാസയിൽ നടക്കുന്നതെന്ന് പൂർണമായും അറിയില്ല. മാധ്യമ പ്രവർത്തകർക്ക് പോലും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ല. സംഘർഷം സമാധാനത്തോടെ അവസാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പതിറ്റാണ്ടുകളായി കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടാണ് ഇന്നത്തെ പലസ്തീൻ ഐക്യദാർഢ്യ റാലിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ചിലർക്ക് കോഴിക്കോട് വന്നപ്പോൾ കോൺഗ്രസിനെ കുറിച്ച് സംശയമാണെന്ന് സിപിഐഎമ്മിനെ ഉന്നം വെച്ച് അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടി ചരിത്രം ഒന്ന് പരിശോധിക്കണം. ചരിത്രം എണ്ണി പറഞ്ഞുകൊണ്ടാണ് സി പി ഐ എമ്മിന് സതീശൻ മറുപടി നൽകിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു