കോഴിക്കോട്: പിറന്ന മണ്ണിലെ അവകാശത്തിന് വേണ്ടിയാണ് ഫലസ്തീൻ ജനത പോരാടുന്നതെന്നും അത് ആരുടേയും ഔദാര്യമല്ലെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പലസ്തീന്‍ ജനതയുടെ പോരാട്ടത്തിനൊപ്പം എന്നും കോണ്‍ഗ്രസും ഇന്ത്യന്‍ സര്‍ക്കാറുമൊപ്പമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കോൺഗ്രസിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാന്ധിയാണ് പലസ്തീൻ നയം രൂപപ്പെടുത്തി കോൺഗ്രസിന് നൽകിയത്. നെഹ്റുവും ഇന്ദിരയും രാജീവ് ഗാന്ധിയും എല്ലാം അത് ഏറ്റെടുത്തു. ആരൊക്കെ എവിടെയൊക്കെ കോളനിവത്കരണത്തിന് ശ്രമിച്ചാലും കോൺഗ്രസ് ശക്തമായ നിലപാടെടുക്കും. പിറന്ന മണ്ണിൽ ജീവിക്കാനുള്ള പോരാട്ടമാണ് പലസ്തീനിന്റെത്. ഇന്ദിരാഗാന്ധിയും പലസ്തീനുമായുള്ള ബന്ധം നമുക്കറിയാം. അറബ് രാജ്യങ്ങളുടെ ഏറ്റവും വിശ്വസ്തയായ സഹോദരിയും മകളുമൊക്കെയായാണ് ഇന്ദിരയെ അവര്‍ വിശേഷിപ്പിച്ചതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
അറാഫത്തിനെ പലസ്തീന്റെ ഭരണത്തലവനെന്ന് വിശേഷിപ്പിച്ച വ്യക്തിയാണ് രാജീവ് ഗാന്ധി. ലോകത്തെ ഒരു രാജ്യവും അംബാസഡറെ അയയ്ക്കാൻ ധെെര്യപ്പെടാത്ത കാലത്ത് പലസ്തീനിലേക്ക് അംബാസഡറെ അയയ്ക്കാൻ ധെെര്യം കാണിച്ച രാജ്യം കോൺഗ്രസിന്റെ ഇന്ത്യയായിരുന്നു.
അമേരിക്കയേക്കാൾ മുമ്പിൽ നരേന്ദ്ര മോദി ഇസ്രയേലിന് പിന്തുണ അറിയിച്ചു. എന്താണ് മോദിക്ക് ഇസ്രായേലിനോട് ഇത്ര മമത. ഐക്യരാഷ്ട്ര സഭയിൽ യുദ്ധം നിർത്തണമെന്ന് ഒരു പ്രമേയം വന്നപ്പോളും ഇന്ത്യ അതിനെ പിന്തുണച്ചില്ല. നെതന്യാഹുവും മോദിയും ഒരേ രീതിയിലുള്ള മനുഷ്യരാണ്. ഒരാൾ വംശീയതയും മറ്റേയാൾ സയണിസവുമാണ് മുന്നോട്ടുവെക്കുന്നത്. കോൺഗ്രസിന് ഒരേയൊരു നയമേ ഉള്ളൂ. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര് കാണണം എന്ന് കരുതുന്ന ചിലർ ഇവിടെ ഉണ്ട്. കോൺഗ്രസ് ചൈനയ്ക്ക് മുമ്പിലും അമേരിക്കക്ക് മുമ്പിലും കവാത്ത് മറക്കില്ല, വേണുഗോപാൽ പറഞ്ഞു.
സ്വതന്ത്ര ഇസ്രായേൽ ജൂതന്മാർക്ക് കൊടുക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് സ്റ്റാലിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. നിക്ഷേപം തേടി ഇന്ത്യയിൽ നിന്ന് ആദ്യം ഇസ്രായേലിലേക്ക് പോയത് ജ്യോതിബസുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.വോട്ടുകൾക്ക് വേണ്ടിയല്ല, കോൺഗ്രസ് ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തുന്നതെന്നും സതീശന്‍ പറഞ്ഞു.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരിൽ ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യുദ്ധം തുടങ്ങി രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ഫലസ്തീന് അനുകൂലമായി പ്രമേയം പാസാക്കി.ആർക്കും സംശയം വേണ്ട, കോൺഗ്രസ് പൊരുതുന്ന ഫലസ്തീൻ ജനതയ്ക്കൊപ്പമാണെന്നും ചെന്നിത്തല പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു .ശശി തരൂർ, എം എം ഹസൻ,പി കെ കുഞ്ഞാലിക്കുട്ടി, സാദിഖ് അലി ശിഹാബ് തങ്ങൾ, കെ മുരളീധരൻ, മുസ്ലിം സംഘടനാ നേതാക്കളായ ജിഫ്രി മുത്തുക്കോയ തങ്ങൾ, ഇബ്രാഹിം ഖലീൽ ബുഹാരി തങ്ങൾ, പി.മുജീബ് റഹ്മാൻ, ടി.പി.അബ്ദുള്ളക്കോയ മദനി തുടങ്ങിയ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു