തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്റെ നടപടിക്കെതിരായ റോബിൻ ബസിന്റെ ഹരജിയിൽ കക്ഷി ചേരാൻ കെ.എസ്.ആര്.ടി.സി ഹൈക്കോടതിയിൽ അപേക്ഷ നൽകി. റോബിൻ ബസിന്റേത് നിയമവിരുദ്ധ സർവീസാണെന്നാണ് അപേക്ഷയിലെ പ്രധാന ആരോപണം.
റോബിൻ സർവീസ് നടത്തുന്നത് ദേശസാത്കൃത റൂട്ടിലൂടെയാണ്. കെ.എസ്.ആര്.ടി.സിക്കും സംരക്ഷിത പെർമിറ്റുടമകൾക്കും മാത്രമാണ് ഈ റൂട്ടിൽ സർവീസ് നടത്താൻ അവകാശം ഉള്ളതെന്നും കെഎസ്ആർടിസി അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
സ്റ്റേറ്റ് ക്യാരേജ് റോളിലാണ് റോബിൻ ബസ് സർവീസ് നടത്തുന്നതെന്നും ഇത് സർവീസിനെ ബാധിക്കുന്നുവെന്നും കെ.എസ്.ആര്.ടി.സി വ്യക്തമാക്കി. ഓൾ ഇന്ത്യ ടൂറിസ്റ്റ് ബസ് പെർമിറ്റ് ഉപയോഗിച്ച് ഇത്തരത്തിൽ സർവീസ് നടത്താൻ കഴിയില്ലെന്നാണ് കെ.എസ്.ആര്.ടി.സിയുടെ നിലപാട്.
റോബിൻ ബസ് ഹൈക്കോടതി ഉത്തരവിന്റെ പിൻബലത്തിലാണ് പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്നത്. രണ്ട് ആഴ്ചക്ക് ശേഷമാണ് റോബിൻ ബസ് കേസ് ഹൈക്കോടതി പരിഗണിക്കുന്നത്. കെ.എസ്.ആര്.ടി.സിയുടെ ഹർജിയും കോടതി ഈ കേസിനൊപ്പമായിരിക്കും പരിഗണിക്കുക.
മുൻകൂട്ടി ബുക്ക് ചെയ്ത യാത്രക്കാരുമായി സർവീസ് നടത്താൻ റോബിൻ ബസിന് ഹൈക്കോടതി നൽകിയ ഉത്തരവ് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയിരുന്നു. ഇതിനിടയിലാണ് കക്ഷി ചേർക്കാൻ അപേക്ഷയുമായി കെ.എസ്.ആര്.ടി.സി ഹൈക്കോടതിയെ സമീപിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു