മനാമ: അസർബൈജാനിലെ ബകുവിൽ നടന്ന അഞ്ചാമത് ഒ.ഐ.സി തൊഴിൽ മന്ത്രിമാരുടെ സമ്മേളനത്തിൽ ബഹ്റൈൻ പങ്കാളിയായി. തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ബഹ്റൈനെ പ്രതിനിധാനംചെയ്ത് പങ്കെടുക്കുന്നത്.
ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ താഹ ഇബ്രാഹിമിന്റെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിൽ അംഗ രാജ്യങ്ങളിലെ തൊഴിൽ വിപണിയിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും വിവിധ പ്രശ്നങ്ങളെക്കുറിച്ചും ചർച്ചകൾ നടക്കും.
ആധുനിക സാങ്കേതിക വിദ്യ ഉൽപാദന മേഖലകളിൽ കൂടുതൽ ഉപയോഗപ്പെടുത്തുന്നതിന് അംഗരാജ്യങ്ങളെ പ്രേരിപ്പിക്കുന്നതിനും സമ്മേളനം ലക്ഷ്യമിടുന്നു. തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിനും പുതിയ സംരംഭകർക്ക് പ്രോത്സാഹനം നൽകുന്നതിനും പദ്ധതികളാവിഷ്കരിക്കണമെന്നും അഭിപ്രായങ്ങളുയർന്നു. തൊഴിൽദാന പദ്ധതികളിൽ വിജയം വരിച്ച രീതികൾ പരസ്പരം പങ്കുവെക്കുന്നതിനും ധാരണയായി. തൊഴിലില്ലായ്മ കുറച്ചുകൊണ്ടുവരുന്നതിന് ബഹ്റൈൻ ആവിഷ്കരിച്ച പദ്ധതികളെക്കുറിച്ച് മന്ത്രി ഹുമൈദാൻ വിശദീകരിക്കുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു