ഇന്ത്യൻ വിപണിയെ കീഴടക്കാൻ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാറുകളുമായി ടെസ്‌ല

ടെസ്‌ലയുടെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാറുകൾ അടുത്ത വർഷം ഇന്ത്യൻ വിപണിയിലെത്തും. തുടക്കത്തില്‍ സിബിയു (കംപ്ലീറ്റ്ലി ബിൽഡ് യൂണിറ്റ്) ആയാണ് വിപണിയിൽ എത്തുക. വിപണിയിൽ എത്തി രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യയിൽ ടെസ്‍ല നിർമാണം ആരംഭിക്കുമെന്നും ഇതിനായി 200 കോടി ഡോളർ (ഏകദേശം 16665 കോടി രൂപ) മുതൽ മുടക്കുമെന്നുമാണ് സൂചന.

ജനുവരിയിൽ ഗുജറാത്തിൽ നടക്കാനിരിക്കുന്ന ‘വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടി’യിൽ ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒന്നിൽ നിർമാണ ശാല തുടങ്ങാനാണ് സാധ്യത. മൂന്നു സംസ്ഥാനങ്ങളിലും മികച്ച അടിസ്ഥാന സൗകര്യങ്ങളും വൈദ്യുത വാഹനങ്ങളുടെ വിപണിക്കും കയറ്റുമതിക്കും അനുകൂല സാഹചര്യങ്ങളും ഉള്ളതാണു കാരണം.

മെയ്‍ഡ് ഇൻ ഇന്ത്യ ബാറ്ററി

വാഹനം മാത്രമല്ല ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ബാറ്ററിയും ഇന്ത്യയിൽ നിർമിക്കാൻ ടെസ്‌ലയ്ക്ക് പദ്ധതിയുണ്ട്. നിർമാണ ശാലയ്ക്കായി 200 കോടി ഡോളർ നിക്ഷേപിക്കുന്നതിന് പുറമേ, ഇന്ത്യയിൽ നിന്ന് വാഹന അനുബന്ധസാമഗ്രികൾ വാങ്ങുന്നതിനായി 1500 കോടി ഡോളറും (ഏകദേശം 1.2 ലക്ഷം കോടി രൂപ) മുടക്കുമെന്നാണ് റിപ്പോർട്ട്. 

എത്തുമോ 20 ലക്ഷത്തിന്റെ ടെസ്‌ല?

ഇന്ത്യന്‍ വാഹന വിപണിക്കു യോജിച്ച വൈദ്യുത കാര്‍ ഇവിടെത്തന്നെ നിര്‍മിക്കാനാണു ടെസ്‌ലയുടെ ശ്രമം. കാറുകള്‍ കയറ്റി അയയ്ക്കാനും പദ്ധതിയുണ്ട്. നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മസ്ക് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള താല്‍പര്യം മസ്‌ക് നേരിട്ട് മോദിയെ അറിയിക്കുകയും ചെയ്തു. പദ്ധതി യാഥാര്‍ഥ്യമായാല്‍ ടെസ്‌ലയുടെ ഏറ്റവും വില കുറഞ്ഞ കാർ മോഡലിന്റെ കയറ്റുമതി കേന്ദ്രമായി ഇന്ത്യ മാറും. നിലവിൽ ടെസ്‌ലയുടെ ഏറ്റവും വില കുറഞ്ഞ മോഡലായ മോഡല്‍ 3ക്ക് 32,000 ഡോളറാണ് (ഏകദേശം 26.32 ലക്ഷം രൂപ) വില. ഇന്ത്യയ്ക്കായി വില കുറഞ്ഞ കാർ പുറത്തിറക്കുന്നതോടെ ഏകദേശം 20 ലക്ഷം രൂപയ്ക്ക് ടെസ്‍ല കാറുകൾ ലഭിക്കുമെന്ന് അനൗദ്യോഗിക റിപ്പോർട്ട് ഉണ്ട്.

ഏഷ്യയിലെ രണ്ടാമത്തെ ഫാക്ടറി

നിലവില്‍ അമേരിക്കയിലെ കലിഫോര്‍ണിയയിലും ടെക്‌സസിലും ജര്‍മനിയിലെ ബെര്‍ലിനിലും ചൈനയിലെ ഷാങ്ഹായിലുമാണ് ടെസ്‌ല അവരുടെ കാറുകള്‍ നിര്‍മിക്കുന്നത്. ഇക്കൂട്ടത്തില്‍ ഷാങ്ഹായിലെ പ്ലാന്റാണ് ഏറ്റവും വലുത്. ടെസ്‌ല ആകെ നിര്‍മിക്കുന്ന കാറുകളില്‍ 40 ശതമാനവും ഇവിടെയാണ് നിര്‍മിക്കുന്നത്. ഇന്ത്യയില്‍ കാര്‍ നിര്‍മാണ ഫാക്ടറി നിര്‍മിക്കാനുള്ള ടെസ്‌ലയുടെ തീരുമാനം അവരുടെ നയംമാറ്റം കൂടിയാണ് കാണിക്കുന്നത്. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു