കുവൈത്ത് സിറ്റി: ഗസ്സയിലെ ഫലസ്തീനികൾക്കുള്ള സഹായവസ്തുക്കളുമായി കുവൈത്തിൽനിന്ന് 26ാമത് വിമാനം ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലെത്തി.
എട്ട് ആംബുലൻസകളും മെഡിക്കൽ സഹായവസ്തുക്കളും അടങ്ങുന്നതാണ് ബുധനാഴ്ച അയച്ച വിമാനം. ആരോഗ്യ മന്ത്രാലയം, റിലീഫ് സൊസൈറ്റി, സകാത്ത് ഹൗസ്, മൈനേഴ്സ് അഫയേഴ്സ് അതോറിറ്റി, എൻഡോവ്മെന്റ് ജനറൽ സെക്രട്ടേറിയറ്റ് എന്നിവയുൾപ്പെടെ 24 കുവൈത്ത് ചാരിറ്റബിൾ സൊസൈറ്റികളുടെയും നാല് സർക്കാർ ഏജൻസികളുടെയും സഹകരണത്തോടെയാണ് ബുധനാഴ്ചയിലെ വിമാനത്തിന്റെ ലോഡ് സംഘടിപ്പിച്ചത്.
ഗസ്സയിലെ ദുരിതബാധിതർക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയം ചികിത്സാസഹായമായി 10 ആംബുലൻസുകൾ അയക്കുമെന്ന് ആരോഗ്യ മന്ത്രി അഹമ്മദ് അൽ അവാദല പറഞ്ഞു. ബുധനാഴ്ച മികച്ച സജ്ജീകരണങ്ങളുള്ള എട്ട് ആംബുലൻസുകൾ അയച്ചു. ഞായറാഴ്ച മൊബൈൽ ക്ലിനിക്കിനായി രണ്ട് ആംബുലൻസുകളും അയക്കും. മികച്ചതും ആധുനിക സൗകര്യങ്ങളുമുള്ള ആംബുലൻസുകൾ അയച്ച് കുവൈത്ത് ഗസ്സയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആശ്വാസം പകരുന്നതായി ഹെൽത്ത് കമ്യൂണിക്കേഷൻ സെന്റർ ഡയറക്ടറും ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവുമായ ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു.
ആംബുലൻസുകൾ വിമാനത്തിൽ
പ്രാഥമിക കൃത്രിമ ശ്വസന ട്യൂബുകൾ, ഓക്സിജൻ മാസ്കുകൾ, മുറിവ് അണുവിമുക്തമാക്കുന്നതിനുള്ള ഉപകരണങ്ങൾ, പുനരുജ്ജീവനത്തിനും പ്രഥമശുശ്രൂഷക്കുമുള്ള അടിസ്ഥാന മെഡിക്കൽ സപ്ലൈകൾ, നവജാത ശിശുക്കളെ കൈകാര്യം ചെയ്യുന്നതിനുള്ള ചികിത്സാ ഉപകരണങ്ങൾ എന്നിവയും കുവൈത്ത് അയച്ച സഹായങ്ങളിൽ ഉൾപ്പെടുന്നു.
10,000 മെഡിക്കൽ മാസ്കുകളും 27ലധികം ആംബുലൻസുകളും അടക്കം 640 ടൺ വിവിധ മാനുഷിക ദുരിതാശ്വാസ സാമഗ്രികൾ ഇതുവരെ കുവൈത്ത് ഗസ്സയിലേക്ക് അയച്ചു. അടുത്ത വിമാനത്തിൽ 500 ടെന്റുകൾ, നാല് ആംബുലൻസുകൾ എന്നിവ അയക്കും. ഗസ്സ നിവാസികൾക്ക് വീടുകൾ നഷ്ടപ്പെടുകയും ശൈത്യകാലത്തിന്റെ തുടക്കവും കണക്കിലെടുത്ത് തണുപ്പിനെ അതിജീവിക്കാൻ സഹായിക്കുന്ന വസ്ത്രങ്ങൾ, ഹീറ്റിങ് സാമഗ്രികൾ, പുതപ്പുകൾ, മറ്റ് സാധനങ്ങൾ എന്നിവയും അയക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു