![chungath new advt]()
ജജ്പൂര്‍: അധ്യാപകന്‍റെ ശിക്ഷണനടപടിയെ തുടര്‍ന്ന് നാലാം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു. രുദ്ര നാരായണ്‍ സേതി(10) യാണ് മരിച്ചത്.ഒഡിഷയിലെ ജാജ്പൂര്‍ ജില്ലയിലെ കുഖിയ പൊലീസ് പരിധിയില്‍ ഒറാലിയിലെ സൂര്യനാരായണ നോഡല്‍ അപ്പര്‍ പ്രൈമറി സ്‌കൂളില്‍ ചൊവ്വാഴ്ചയാണ് സംഭവം.
ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ രുദ്രയും സഹപാഠികളും ക്ലാസ് സമയത്ത് പുറത്ത് കളിക്കുന്നതായി അധ്യാപകന്‍റെ ശ്രദ്ധയില്‍ പെട്ടു. വിദ്യാര്‍ഥികള്‍ ക്ലാസിലെത്തിയപ്പോള്‍ അധ്യാപകന്‍ അവരോട് ചില ചോദ്യങ്ങള്‍ ചോദിച്ചു. രുദ്ര അതിന് ഉത്തരം പറഞ്ഞില്ല. ഇതിനെ തുടര്‍ന്ന് കുട്ടിയോട് മുട്ടില്‍ നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ശിക്ഷയായി സിറ്റ് അപ് ചെയ്യാനും നിര്‍ദേശിച്ചു. മൂന്നോ നാലോ സിറ്റ് അപ് കഴിഞ്ഞപ്പോള്‍ രുദ്ര കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് സഹപാഠി പറഞ്ഞു.
ഉടന്‍ തന്നെ രുദ്രയെ അടുത്തുള്ള ആശുപത്രിയിലും അവിടെ നിന്ന് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലും കൊണ്ടുപോയി.പിന്നീട് കട്ടക്കിലെ എസ്‌സിബി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും. അവിടെ എത്തിയപ്പോള്‍ കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സംഭവം നടക്കുമ്പോൾ താൻ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് സ്‌കൂളിലെ പ്രധാന അധ്യാപിക പ്രമീള പാണ്ഡ പറഞ്ഞു. “ചില വിദ്യാര്‍ത്ഥികള്‍ സംഭവത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഞാൻ ക്ലാസ് റൂമിലേക്ക് ഓടി. തുടര്‍ന്ന് കുട്ടിയുടെ പിതാവിനെ വിവരമറിയിക്കുകയും അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ ഒരു ഓട്ടോ ഏര്‍പ്പാട് ചെയ്യുകയും ചെയ്തു,” പാണ്ട പറഞ്ഞു. രുദ്രയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് മാതാപിതാക്കള്‍ സ്കൂളിനെ അറിയിച്ചിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
റസൂല്‍പൂര്‍ അസിസ്റ്റന്‍റ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ പ്രഭഞ്ജൻ പതി സ്കൂളിലെത്തി രുദ്രയുടെ സഹപാഠികള്‍, അധ്യാപകര്‍, സ്കൂള്‍ കമ്മിറ്റി അംഗങ്ങള്‍, ഗ്രാമവാസികള്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. അധ്യാപകന്‍ മുന്‍പും ഇത്തരം ശിക്ഷാ നടപടികള്‍ കുട്ടികള്‍ക്ക് നല്‍കാറുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. സംഭവത്തില്‍ രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടില്ലെന്ന് റസൂല്‍പൂര്‍ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ നിലമ്പർ മിശ്ര പറഞ്ഞു.എബിഇഒ വ്യാഴാഴ്ച അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മിശ്ര പറഞ്ഞു. അന്വേഷണത്തിന് ഉത്തരവിട്ടതായി ജാജ്പൂര്‍ കലക്ടര്‍ ചക്രവര്‍ത്തി സിംഗ് റാത്തോഡ് പറഞ്ഞു.