സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; പലയിടത്തും ഇടിയോട് കൂടിയ മഴ ലഭിക്കും, 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കാം.

തമിഴ്‌നാടിന് മുകളിലും കേരളത്തിന് സമീപത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് കനത്ത മഴ തുടരുന്നത്. പലയിടത്തും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മത്സ്യബന്ധത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും കടലാക്രമണത്തിനും സാധ്യതയുണ്ട്. ഞായറാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

read also റോബിൻ ബസ് വീണ്ടും തടഞ്ഞ് എംവിഡി; പത്തനംതിട്ട മൈലപ്രയിൽ വെച്ച് തടഞ്ഞ ബസ് 7500 രൂപ പിഴ അടപ്പിച്ച ശേഷം വിട്ടയച്ചു

കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് പലയിടങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ഗൗരീശപട്ടം, തേക്ക്മൂട് കോളനി, മുറിഞ്ഞപാലം എന്നീ പ്രദേശങ്ങളില്‍ വെള്ളം കയറി. ശ്രീകാര്യത്തും ചെമ്പഴന്തിയിലും മണ്ണിടിച്ചിലുണ്ടായി.

ഇന്നലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്ന പത്തനംതിട്ട ജില്ലയില്‍ രാത്രിയിലും ശക്തമായ മഴ പെയ്തു. കോന്നി കൊക്കാത്തോട് മേഖലയിലാണ് ഇന്നലെ വലിയ നാശനഷ്ടം ഉണ്ടായത്. മലയോര മേഖലയിലേക്ക് ഉള്ള രാത്രി യാത്രക്ക് ജില്ലാ കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ശബരിമല തീര്‍ത്ഥാടകര്‍ക്കും ജാഗ്രത നിര്‍ദേശമുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു