കാടിന്റെ ഇരമ്പൽ കേട്ട് , പച്ചപ്പ് അറിഞ്ഞ്, മഴയിലൂടെ സൈലന്റ് വാലിയിലൂടെയൊരു യാത്ര..ഇങ്ങനയൊരു യത്ര ആഗ്രഹിക്കാത്ത സഞ്ചാരികൾ ഉണ്ടോ അല്ലേ. എന്നാൽ അധികം വൈകേണ്ട , മഴക്കാടുകൾ നിറഞ്ഞ പശ്ചിമഘത്തിൽ സ്ഥിതി ചെയ്യുന്ന നിശബ്ദ താഴ്വരയായ സൈലന്റി വാലി ഏതൊരു യാത്രക്കാരനേയും മോഹിപ്പിക്കും. കാടിനെ അറിഞ്ഞ് കൊണ്ട് ബഹളില്ലാതെയുള്ള ജംഗിൾ സഫാരി സഞ്ചാരികളുടെ മനം നിറയ്ക്കുമെന്ന് തീർച്ച. നാല് മണിക്കൂറാണ് കാടിനുള്ളിലൂടെയുള്ള യാത്ര. ഒരു ഭാഗത്തേക്ക് രണ്ട് മണിക്കൂറാണ് യാത്ര.
സിംഹവാലൻ കുരങ്ങുകളും പറക്കുന്ന അണ്ണാനും ഇവിടെ ഉണ്ടെങ്കിലും മൃഗങ്ങളെ കാണുക അത്യപൂർവ്വമാണെന്ന് കെഎസ്ആർടിസി ജീവനക്കാർ പറയുന്നു. അതേസമയം കാടിനുള്ളിലെ അത്യപൂർവമായ പല സസ്യ വൈവിധ്യങ്ങളേയും കാണാനാകുമെന്നും ഇവർ വ്യക്തമാക്കി. യാത്രക്കാരെ സംബന്ധിച്ച് പുറത്തുള്ള ബഹളിൽ നിന്നും മാറി സമാധാനത്തോടെ നാല് മണിക്കൂർ കാടിനുള്ളിലൂടെയുള്ള യാത്ര അതാണ് സൈലന്റ് വാലി.
ഫോണിന് ഇവിടെ റേഞ്ച് ഇല്ല എന്നതിനാൽ ആ സമാധാനവും ആളുകൾ പങ്കുവെയ്ക്കാറുണ്ട്.ചീവീടുകളില്ലാത്ത നിശബ്ദ താഴ്വരയായതുകൊണ്ടാണ് സൈലന്റ് വാലിയെന്ന പേരു ലഭിച്ചതെന്നു പറയുമെങ്കിലും അത്രമേല്‍ നിശബ്ദമൊന്നുമല്ല ഈ കാടും. 70 ലക്ഷം വര്‍ഷങ്ങളുടെ പഴക്കം കണക്കാക്കപ്പെടുന്ന ഈ വനമേഖല മനുഷ്യരെത്തും മുമ്പ് തന്നെ പ്രകൃതി ജൈവ സമ്പത്ത് നിറച്ച പ്രദേശമാണ്. ഇന്ത്യക്ക് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുള്ളതുപോലെ പാലക്കാട് ജില്ലയുടെ വടക്കു കിഴക്കേ അറ്റത്തുള്ള സൈലന്റ് വാലി ഇന്നും അധികം സഞ്ചാരികള്‍ എത്തുന്ന വിനോദ സഞ്ചാര കേന്ദ്രമല്ല. പ്രകൃതി സ്നേഹികളായ യാത്രികര്‍ക്ക് മനം കുളിര്‍പ്പിക്കുന്ന ഒരുപാട് കാഴ്ചകള്‍ പശ്ചിമഘട്ടത്തിലെ ഈ ദേശീയോദ്യാനം ഒരുക്കിവെച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയുടെ വടക്കു കിഴക്കന്‍ മൂലയിലാണ് സൈലന്റ് വാലി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1984-ലാണ് സൈലന്റ് വാലിയെ കേന്ദ്ര സര്‍ക്കാര്‍ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. അതുവരെ സൈരന്ധ്രിവനം എന്നാണ് അറിയപ്പെട്ടിരുന്നത്. ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ കുന്തിപ്പുഴയുടെ ഉദ്ഭവം ഇവിടെ നിന്നാണ്. വടക്ക് നീലഗിരി കുന്നുകള്‍ അതിരുടുന്നു, തെക്കു ഭാഗത്ത് മണ്ണാര്‍ക്കാട്ടെ സമതലങ്ങളും. പശ്ചിമഘട്ടങ്ങളുടെ പ്രധാന മേഖലയായ നീലഗിരി ബയോസ്ഫിയറില്‍ ഉള്‍പ്പെടുന്ന വനപ്രദേശമാണ് സൈലന്റ് വാലി.
2012-ല്ലാണ് യുനെസ്കോ ഈ വനമേഖലക്ക് ലോകപൈതൃക പദവി നല്‍കിയത്. കടുവ, പുള്ളിപ്പുലി, ആന, വിവിധ ഇനം പാമ്പുകള്‍, സിംഹവാലന്‍ കുരങ്ങ്, മലബാര്‍ ജയന്റ് സ്ക്വിറല്‍ എന്ന മലയണ്ണാന്, മ്ലാവ്, കാട്ടുപോത്ത് തുടങ്ങി ഉഷ്ണ മേഖലയിലെ ജീവജന്തു സമൂഹത്തില്‍ കാണുന്ന എല്ലാ ജീവികളെയും ഇവിടെ കാണാം. പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും നിശാശലഭങ്ങളുടെയും തുമ്പികളുടെയും മറ്റു ചെറു പ്രാണികളുടെയും മറ്റൊരു നിരയും വൈവിധ്യമേറിയതാണ്.
ആയിരത്തിലേറെ ഇനം പുഷ്പിത സസ്യങ്ങള്‍ സൈലന്റ് വാലിയില്‍ നിന്നു രേഖപ്പെടുത്തിയിട്ടുണ്ട്, 110 ലേറെ ഇനം ഓര്‍ക്കിഡുകളും. നിശാശലഭങ്ങളുടെ 400 ഇനങ്ങളും 200 ലേറെ ഇനം ചിത്രശലഭങ്ങളും ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആദ്യമായി രേഖപ്പെടുത്തപ്പെട്ട 10 ഇനങ്ങള്‍ ഉള്‍പ്പെടെ ഷഡ്പദങ്ങളുടെ പട്ടിക 128-ലേറെ വരും. സന്ദര്‍ശകര്‍ക്ക് ജൈവ സമ്പത്തിന്റെയും അചുംബിതമായ ജൈവ പ്രകൃതിയുടെയും പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്ന ഒരു പാഠശാല കൂടിയാണ് സൈലന്റ് വാലി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു