ഉത്തരകാശി: ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യത്തിന്റെ അവസാന നിമിഷത്തിൽ ചെറിയ പ്രതിസന്ധി. ഓഗർ ഡ്രില്ലിംഗ് യന്ത്രം രാത്രി ഇരുമ്പു പാളിയിൽ ഇടിച്ചതിനെ തുടർന്ന് മെഷീന്റെ ബ്ലേഡ് തകരാറിലായി.
ദൗത്യം വിജയത്തിലേക്ക് എത്താറായപ്പോഴാണ് സംഭവം. എൻഡിആർഎഫ് സംഘം യന്ത്രം നന്നാക്കാനുള്ള ശ്രമം തുടരുകയാണ്. ഇരുമ്പ് പാളി മുറിച്ചുമാറ്റാനും ശ്രമിക്കുകയാണ്. ഈ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം വൈകുമെന്നാണ് വിവരം.
തുരങ്കത്തിൽ 60 മീറ്ററോളം കനത്തിൽ ഇടിഞ്ഞു വീണ പാറയും മണ്ണും ഇനി 12 മീറ്റർ കൂടി തുരന്നാൽ തൊഴിലാളികളുടെ അടുത്ത് രക്ഷാപ്രവർത്തകർക്ക് എത്താം. ആറ് മീറ്റർ നീളമുള്ള രണ്ട് പൈപ്പുകൾ കൂടി കടത്തിയാൽ മതി. തകരാർ പരിഹരിക്കാനായാൽ നാളെ പുലർച്ചെയോടെ എല്ലാ തൊഴിലാളികളെയും പുറത്ത് എത്തിക്കാനാവും. തൊഴിലാളികൾ കുടുങ്ങിയിട്ട് പതിനൊന്ന് ദിവസമായി. ഇന്ന് അവർക്ക് ഖരരൂപത്തിലുള്ള ഭക്ഷണം നൽകി. വസ്ത്രങ്ങളും മറ്റ് അവശ്യവസ്തുക്കളും എത്തിച്ചു.
ഡ്രില്ലിംഗ് അവസാന ഘട്ടത്തിലേക്ക് കടന്നതോടെ ദുരന്തനിവാരണ സേനയിലെ വിദഗ്ദ്ധർ തുരങ്കത്തിൽ എത്തി തയ്യാറെടുപ്പ് തുടങ്ങി. ഓക്സിജൻ മാസ്ക് ധരിച്ച് സ്ട്രെച്ചറുകളുമായി ഇരുമ്പ് കുഴലിലൂടെ തൊഴിലാളികൾക്കടുത്ത് എത്തി അവരെ പുറത്ത് എത്തിക്കുന്നത് ഇവരാണ്. രക്ഷപ്പെടുത്തിയാലുടൻ തൊഴിലാളികൾക്ക് വൈദ്യ സഹായം നൽകും. ഇതിനായി ഉത്തരകാശി ജില്ലയിലെ ചിന്യാലിസോർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 41 കിടക്കകളുള്ള ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്.
അതേസമയം, സിൽകാര ടണലിൽ അപകടമുണ്ടായ സാഹചര്യത്തിൽ രാജ്യത്തുടനീളമുള്ള 29 തുരങ്കങ്ങളിൽ പരിശോധന നടത്താനൊരുങ്ങി ദേശീയപാതാ അതോറിറ്റി (എന്‍എച്ച്എഐ). ഉന്നത നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താനാണ് സുരക്ഷാ പരിശോധന നടത്തുന്നത്. എന്‍എച്ച്എഐ അധികൃതരും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍ (ഡിഎംആര്‍സി) നിന്നുള്ള വിദഗ്ധരും സംയുക്തമായാണ് നിര്‍മാണത്തിലിരിക്കുന്ന തുരങ്കങ്ങളില്‍ സുരക്ഷാപരിശോധന നടത്തുകയെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു