ദമ്മാം: പുണ്യഭൂമിയിലെത്തി ഉംറ നിർവഹിക്കണമെന്നത് അവരുടെ ജീവിതാഭിലാഷമായിരുന്നു. എന്നാൽ അതിനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാൽ ആഗ്രഹം ഉള്ളിലടക്കി കഴിയുമ്പോഴാണ് ആഗ്രഹം നിറവേറ്റിത്തരാമെന്ന് കെ.എം.സി.സി കരം നീട്ടിയത്. മുസ്ലീം ലീഗിന്റെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സൗദി കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ആവിഷ്കരിച്ച ‘ഇഫ്ഹാൽ’ പദ്ധതിക്ക് കീഴിലായിരുന്നു അത്. നൂറുപേർക്കാണ് ആ സൗഭാഗ്യമുണ്ടായത്. ആഗ്രഹിച്ചതുപോലെ മക്കയിലെത്തി ഉംറ നിർവഹിച്ചും മദീനയിലെത്തി റൗദാ സന്ദർശിച്ചും സായൂജ്യമടഞ്ഞ അവർ ഒടുവിൽ ദമ്മാമിലെത്തി കെ.എം.സി.സിയുടെ ഹൃദ്യമായ യാത്രയയപ്പും വാങ്ങിയാണ് നാട്ടിലേക്ക് മടങ്ങിയത്.
ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് ലീഗിന്റെ 75-ാം വാർഷികം പ്രമാണിച്ച് 75 പേരെ ഉംറക്കെത്തിക്കാൻ ആദ്യം തീരുമാനിച്ചത്. 60 വയസ്സിന് മുകളിലുള്ളവരെ കൊണ്ടുവരുക എന്നായിരുന്നു ആദ്യ തീരുമാനം. എന്നാൽ കൂടുതൽ പേർ അവസരം തേടിയെത്തിയതോടെ എണ്ണം നൂറാക്കി ഉയർത്തേണ്ടിവന്നു. ജീവിത സായാഹ്നത്തിൽ ഇനിയൊരു വഴിയും ബാക്കിയില്ലെന്ന് നിനച്ചിരുന്ന പലർക്കും ഇതൊരു അപൂർവ അവസരമായി മാറി.
42 സ്ത്രീകളും 58 പുരുഷന്മാരും അടങ്ങുന്ന സംഘം കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്ക് വിമാനം കയറി. ഉംറക്കും മദീന സന്ദർശനത്തിനും പുറമെ ജിദ്ദ, റിയാദ്, ദമ്മാം എന്നീ നഗരങ്ങൾ കാണാനും അവസരമൊരുക്കിയിരുന്നു. സംഘത്തിൽ കോഴിക്കോട് നിന്നെത്തിയ 82 വയസ്സുള്ള പച്ചക്കാക്കാ എന്നറിയപ്പെടുന്ന വയോധികൻ തനിക്ക് ലഭിച്ച ഈ അവസരത്തെക്കുറിച്ച് ഏറെ വാചാലനായി.
ലീഗിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച് കൊടിപിടിച്ചും വാദിച്ചും ആണ് പച്ചക്കാക്കാ എന്ന പേര് കിട്ടിയത് തന്നെ. താൻ ജീവിതം സമർപ്പിച്ച പ്രസ്ഥാനം തനിക്ക് നൽകിയ വിലപിടിപ്പുള്ള സമ്മാനമാണിതെന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ഠമിടറി. ഓച്ചിറയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഖദീശാതാത്താക്ക് പാസ്പോർട്ടെടുക്കാനുള്ള പണത്തിന് ഏക വരുമാനമാർഗമായ ആടിനെ വിൽക്കേണ്ടി വന്നിരുന്നു. വിവരമറിഞ്ഞ കെ.എം.സി.സി പ്രവർത്തകർ ആടിനെ തിരികെ വാങ്ങിനൽകി. പാസ്പോർട്ടെടുക്കാനുള്ള പണം വേറെയും നൽകി.
മൂന്നു പതിറ്റാണ്ട് കാലം ഗൾഫിൽ ജീവിതം ഹോമിക്കുകയും ദമ്മാമിൽ മരിക്കുകയും ചെയ്ത കുഞ്ഞാലിയുടെ വിധവക്കും താൻ പുണ്യഭൂമിയിലെത്തിയതിന്റെ നിർവൃതി വിവരിക്കാനാകുന്നില്ല. ഇങ്ങനെ തുടങ്ങി കൊടുവള്ളിയിലെ കടലവിൽപനക്കാരൻ ഉൾപ്പെടെ ജീവിതം കൂട്ടിമുട്ടിക്കാൻ വാർധക്യത്തിന്റെ അവശതയിലും ഭാരം വഹിക്കുന്നവരെയാണ് കേരളത്തിലെ പലഭാഗങ്ങളിൽനിന്ന് കെ.എം.സി.സി തെരഞ്ഞെടുത്തത്.
ദമ്മാം സെൻട്രൽ കമ്മിറ്റി മുന്നോട്ട് വെച്ച ആശയം അതിന്റെ മഹത്വമറിഞ്ഞ് പിന്നീട് കിഴക്കൻ പ്രവിശ്യാ കമ്മിറ്റി തന്നെ ഏറ്റെടുക്കുകയായിരുന്നു. ദമ്മാമിലെ മുഴുവൻ നേതാക്കളും പ്രവർത്തകരും രംഗത്തിറങ്ങിയതോടെ നൂറുപേരുടെ യാത്ര അതിവേഗം സാധ്യമായി. 10 പേരുടെ യാത്രക്ക് വേണ്ട ചെലവുകൾ വഹിച്ചത് ഇറാം ഗ്രൂപ് സി.എം.ഡി സിദ്ദീഖ് അഹ്മദാണ്. ദമ്മാമിലെത്തിയ സംഘത്തിന് ഊഷ്മള വരവേൽപാണ് കെ.എം.സി.സി നൽകിയത്. ഒരോരുത്തർക്കും 25 കിലോ വീതമുള്ള സമ്മാനപ്പെട്ടികളും നൽകിയാണ് യാത്രയാക്കിയത്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന കെ.എം.സി.സിയുടെ പ്രവർത്തന ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഏടാണ് ഈ പരിപാടിയിലൂടെ പൂർത്തിയായതെന്ന് കിഴക്കൻ പ്രവിശ്യ പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡുർ പറഞ്ഞു.
ഹമീദിന് ധന്യാത്മകം ഈ പ്രവർത്തനം
ദമ്മാം: നിർധനരും നിസ്സഹായരുമായ നൂറുപേർ അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം പൂർത്തിയാക്കി മടങ്ങുമ്പോൾ കെ.എം.സി.സി ദമ്മാം സെൻട്രൽ കമ്മിറ്റിയുടെ നേതാവ് ഹമീദ് വടകരക്ക് തന്റെ സ്വപ്നങ്ങൾ യാഥാർഥ്യമായതിന്റെ നിർവൃതിയാണ്. ഇത്തരമൊരു ആശയം കെ.എം.സി.സിയുടെ മുന്നിലേക്ക് കൊണ്ടുവന്നത് ഹമീദായിരുന്നു. സ്വന്തം പണവും ആരോഗ്യവുുള്ളവർ മാത്രം ചെയ്യേണ്ട കർമത്തെ എന്തിന് സംഘടന ഏറ്റെടുക്കുന്നു എന്നായിരുന്നു മറുവാദം. പക്ഷേ ഹമീദിന്റെ യുക്തമായ മറുപടികൾക്ക് മുന്നിൽ പതിയെ എതിർപ്പുകൾ വഴിമാറി. ആദ്യം 10 പേരിൽ തുടങ്ങി വലുതായി തുടങ്ങിയ എണ്ണം 75 ൽ നിർത്താമെന്ന് കരുതിയപ്പോൾ അതും ഭേദിച്ച് 100 പേരിലേക്ക് എത്തുകയായിരുന്നു.
കെ.എം.സി.സിയുടെ 11 ജില്ലകമ്മിറ്റികളും എട്ട് സെൻട്രൽ കമ്മിറ്റികളും 46 ഏരിയകമ്മിറ്റികളും മറ്റ് സഹ കമ്മിറ്റികളും പൂർണമനസ്സോടെ നേതൃത്വത്തിന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ എല്ലാ പ്രതിസന്ധികളും തരണം ചെയ്യാനായി. അതിവേഗം ഹമീദിന്റെ സ്വപ്നം കെ.എം.സി.സിയുടേതായി മാറി. കരിപ്പൂരിൽ സാദിഖലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെ ഉന്നത നേതാക്കൾ അടക്കം എത്തിയാണ് സംഘത്തെ മക്കയിലേക്ക് യാത്ര അയച്ചത്. സൗദിയിൽ കെ.എം.സി.സിയുടെ സംഘടനാ സംവിധാനത്തിന്റെ ശക്തി തെളിയിക്കുന്നത് കൂടിയായിരുന്നു ഒരു പഴുതുപോലുമില്ലാതെ നൂറുപേരടങ്ങുന്ന സംഘത്തിന് 15 ദിവസവും കിട്ടിയ പരിചരണം.
വീൽചെയറിലുള്ള 25 ആളുകളെ ഉംറക്കെത്തിക്കുക എന്ന സ്വപ്നമാണ് ഹമീദിന്റെ മുന്നിൽ ഇനിയുള്ളത്. ആരുമില്ലെന്ന് കരുതുന്നവരെ ഞങ്ങളുണ്ടെന്ന് ബോധ്യപ്പെടുത്തുകയാണ് കെ.എം.സി.സി ചെയ്യുന്നതെന്ന് ഹമീദ് വടകര പറഞ്ഞു. ഇവരുടെ പ്രാർഥന പ്രവാസി സമൂഹത്തിന് ആകമാനമാണ് ലഭിക്കുന്നത്. വിഭാഗീയതകൾ ഇല്ലാത്ത സ്നേഹവും സൗഹൃദവും നിറഞ്ഞ ഒരു സമൂഹ സൃഷ്ടിയാണ് ഞങ്ങൾ ലക്ഷ്യം വെക്കുന്നതെന്നും ഈ പ്രവർത്തനങ്ങളിൽ മുസ്ലിമിതര വിശ്വാസികളും ഒപ്പം നിന്നെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു