കോഴിക്കോട്: കോൺഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്നതിന് കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്തിന് വിലക്ക്. റാലിയില്‍ ആര്യാടന് ഷൗക്കത്ത് പങ്കെടുക്കേണ്ടന്ന് കെപിസിസി നിര്‍ദേശിച്ചു.
നേരത്തെ, പാർട്ടി അച്ചടക്കം ലംഘിച്ച് മലപ്പുറത്ത് റാലി നടത്തിയതിന് ഷൗക്കത്തിനെ പാർട്ടി പരിപാടികളിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. അച്ചടക്ക സമിതി ശിപാർശയിൽ തീരുമാനം വരാത്തത് കൊണ്ടാണ് ഈ നിർദേശം നൽകിയത്.
ഈ മാസം 13 വരെയായിരുന്നു പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിന് ആര്യാടൻ ഷൗക്കത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, അച്ചടക്കസമിതി റിപ്പോർട്ട് വൈകിയതിനെ തുടർന്ന് വിലക്ക് തുടരുകയായിരുന്നു.
കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ. സുധാകരൻ തിരുവനന്തപുരത്ത് ഇല്ലാത്തതിനാലാണ് അച്ചടക്ക സമിതി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും പരിശോധിക്കാനാവാത്തത്. ഈ സാഹചര്യത്തിലാണ് വിലക്ക് തുടരുന്നത്.
ആര്യാടന് ഷൗക്കത്തിനെതിരായ അച്ചടക്ക നടപടി കോണ്‍ഗ്രസ് മയപ്പെടുത്തുമെന്ന് സൂചനയുണ്ടായിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അധ്യക്ഷനായ അച്ചടക്കസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കടുത്ത നടപടിക്ക് ശുപാര്‍ശയില്ല. എന്നാല്‍ ഷൗക്കത്തിനെതിരെ കെപിസിസി നടപടി എടുത്തില്ലെങ്കില്‍, മലപ്പുറത്തെ ഔദ്യോഗിക പക്ഷം നിലപാട് കടുപ്പിക്കുമെന്നാണ് വിവരം. ആര്യാടന് ഷൗക്കത്തിന്റേത് സമാന്തര സംഘടനാ പ്രവര്‍ത്തനമാണെന്നും പാര്‍ട്ടി വിരുദ്ധമെന്നും പ്രഖ്യാപിച്ച കെപിസിസി ഒടുവില്‍ നിലപാടില്‍ നിന്ന് പിന്നാക്കം പോകുകയാണ്. കടുത്ത അച്ചടക്ക നടപടികളൊന്നും വേണ്ടതില്ലെന്നാണ് നേതൃനിരയിലെ അഭിപ്രായം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു