കൊച്ചി: നവകേരള സദസിന് പണം നല്‍കില്ലെന്ന തീരുമാനവുമായി പറവൂര്‍ നഗരസഭ ചെയര്‍പേഴ്സൻ ബീന ശശിധരൻ. പണം നല്‍കേണ്ടതില്ലെന്ന് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി ഇവര്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മണ്ഡലവും യുഡിഎഫ് ഭരിക്കുന്ന നഗരസഭയായിട്ടും നവകേരള സഭയ്‌ക്കായി പണം നല്‍കാന്‍ തീരുമാനിച്ചത് ഏറെ വിവാദമായിരുന്നു. യുഡിഎഫും എതിര്‍പ്പ് അറിയിച്ചതോടെയാണ് പണം നല്‍കാനുള്ള തീരുമാനം തിരുത്തിയതായി പറവൂര്‍ നഗരസഭ അറിയിച്ചത്. പതിമൂന്നിന് ചേര്‍ന്ന കൗണ്‍സില്‍ തുക നല്‍കാൻ അംഗീകാരം നല്‍കിയിരുന്നു.
തുക പദ്ധതി റിവിഷനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് പാസാക്കിയത്. തുടര്‍ന്ന് നഗരസഭ സെക്രട്ടറി അംഗീകാരത്തിനായി ജില്ലാ ആസൂത്രണ സമിതിക്ക് കൈമാറിയിരുന്നു. ഒരു ലക്ഷം രൂപയാണ് നല്‍കാനിരുന്നത്. അതേസമയം തന്നെ തെറ്റിദ്ധരിപ്പിച്ചാണ് പദ്ധതിയില്‍ തുക വകയിരുത്തിയതെന്ന് ചെയര്‍പേഴ്സൻ പ്രതികരിച്ചു. നാളെ കൗണ്‍സില്‍ ചേര്‍ന്ന് ഇത് തിരുത്തുമെന്നും ചെയര്‍പേഴ്സൻ ബീന ശശിധരൻ അറിയിച്ചു.
പറവൂര്‍ നഗരസഭയെ കൂടാതെ യുഡിഎഫ് ഭരിക്കുന്ന തിരുവല്ല നഗരസഭയും കോന്നി ബ്ലോക്ക് പഞ്ചായത്തുമാണ് നവകേരള സദസ്സിന് പണം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തിരുവല്ല നഗരസഭ ആദ്യഘട്ടമെന്ന വിധത്തില്‍ 50000 രൂപ നല്‍കി. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗവും പണം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങള്‍ നവകേരള സദസ്സിന് പണം നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. പണം നല്‍കേണ്ടന്നാണ് കോണ്‍ഗ്രസ് അണികള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. യുഡിഎഫ് ഭരണത്തിലുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പണം നല്‍കരുതെന്നും പാര്‍ട്ടി നിര്‍ദേശം നല്‍കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു