ഗാസ: ഗാസയിലെ താല്‍ക്കാലിക വെടിനിർത്തൽ നാളെ പ്രാബല്യത്തിൽ വരും. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 10 ന് വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് ഹമാസ് അറിയിച്ചു. ഗസ്സയിൽ നാലു ദിവസത്തെ വെടിനിർത്തലിന് കരാറായത്. ഇന്നലെ ഹമാസിനു പിന്നാലെ ഇസ്രായേൽ കൂടി കരാർ അംഗീകരിച്ചതോടെയാണ് വെടിനിർത്തൽ കരാർ യാഥാർഥ്യത്തിലായത്. 38 അംഗ ഇസ്രായേല്‍ മന്ത്രിസഭയിൽ തീവ്ര ജൂത നേതാവ് ഇറ്റാമിർ ബെൻഗ്വിർ അടക്കം മൂന്ന് പേർ ഒഴികെ എല്ലാ അംഗങ്ങളും വെടിനിര്‍ത്തലിനോട് യോജിച്ചു. ദിവസങ്ങളായി ഖത്തറിന്റെ മധ്യസ്ഥതയില്‍ വെടിനിർത്തൽ ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. അമേരിക്കയും ഈജിപ്തും ചർച്ചകളിൽ പങ്കാളികളായി.
കരാര്‍ അനുസരിച്ച് 50 ഹമാസ് ബന്ദികളെയും 150 ഫലസ്തീൻ തടവുകാരെയും മോചിപ്പിക്കും. മോചിപ്പിക്കുന്ന ഫലസ്തീൻ തടവുകാരുടെ പട്ടിക ഇസ്രായേൽ പുറത്തുവിട്ടിട്ടുണ്ട്. ഗസ്സയിലേക്ക് ഇന്ധനങ്ങളും അവശ്യവസ്തുക്കളുമായി നൂറുകണക്കിന് ട്രക്കുകൾ റഫ അതിർത്തി വഴിയെത്തും. ഗസ്സക്കുമേലുള്ള ഇസ്രായേലിന്റെ നിരീക്ഷണ വിമാനങ്ങൾ ദിവസവും ആറുമണിക്കൂർ നിർത്തിവെക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ വടക്കൻ ഗസ്സയിലുള്ളവർക്ക് തെക്കൻ ഗസ്സയിലേക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ സാധിക്കുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല.
നാല് ദിവസത്തിന് ശേഷം കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് തയ്യാറായാല്‍ വെടിനിര്‍ത്തല്‍ തുടരാമെന്നാണ് ഇസ്രയേലിന്റെ നിലപാട്.താത്കാലിക വെടിനിർത്തലിനെ ലോകരാജ്യങ്ങളെല്ലാം സ്വാഗതം ചെയ്തിട്ടുണ്ട്. കരാറിനു പിന്നിൽ പ്രവർത്തിച്ച ഖത്തർ അമീറിനുംഈജിപ്ത് പ്രസിഡന്റിനും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നന്ദി അറിയിച്ചിട്ടുണ്ട്. എന്നാല്‍ യുദ്ധം പൂർണമായും നിർത്തില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
അതേസമയം, താൽക്കാലിക വെടിനിർത്തലിന് കരാറാകുമ്പോഴും ഗസ്സയിൽ ആക്രമണം കടുപ്പിക്കുകയാണ് ഇസ്രായേൽ. വടക്കൻ ഗസ്സയിലെ കമാൽ അദ്വാൻ ആശുപത്രിക്ക് സമീപവും ഇന്തോനേഷ്യൻ ആശുപത്രി പരിസരത്തും ഇസ്രായേൽ ആക്രമണം തുടരുകയാണ്. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ ആക്രമണത്തിൽ ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ദെയ്ശെയ് അഭയാർഥി ക്യാമ്പിൽ നിന്ന് ഇന്ന് മാത്രം 23 പേരെയാണ് ഇസ്രായേൽ സേന അറസ്റ്റ് ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു