ദുബൈ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരങ്ങൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടി (കോപ്28)ക്ക് ദുബൈ നഗരത്തിൽ ഒരുക്കങ്ങൾ സജീവമാകുന്നു. ഉച്ചകോടിയുടെ വേദിയായ എക്സ്പോ സിറ്റിയിലേക്ക് സന്ദർശകർ എത്തിച്ചേരുന്നത് സംബന്ധിച്ച് അധികൃതർ കഴിഞ്ഞ ദിവസം നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നവംബർ 30 മുതൽ രണ്ടാഴ്ച നീളുന്ന സമ്മേളന കാലയളവിൽ യാത്രക്ക് ദുബൈ മെട്രോ ഉപയോഗിക്കുന്നതാണ് കൂടുതൽ സൗകര്യപ്രദവും പരിസ്ഥിതി സൗഹൃദപരവുമാവുകയെന്ന് അധികൃതർ നിർദേശിച്ചു. ഇതിനായി മെട്രോയുടെ സർവിസ് സമയം പുലർച്ചെ അഞ്ചുമുതൽ രാത്രി ഒരു മണിവരെയായി ദീർഘിപ്പിക്കും.
ഉച്ചകോടിയുടെ ആദ്യ മൂന്ന് ദിവസങ്ങളിൽ എക്സ്പോ സിറ്റിയുടെ സമീപത്തെ റോഡുകളിൽ ചിലത് സുരക്ഷാ ആവശ്യത്തിനായി അടക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ദുബൈ മെട്രോയുടെ റെഡ് ലൈൻ നേരിട്ട് എക്സ്പോ സിറ്റിയിൽ എത്താനുള്ള റൂട്ടാണ്. ഇതേ ലൈനിലാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടക്കവുമുള്ളത്. അതിനാൽ സന്ദർശകർക്ക് യാത്ര എളുപ്പമാകുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. മെട്രോക്ക് പുറമെ, പതിനായിരം പരിസ്ഥിതി സൗഹൃദ ടാക്സികളും ഈ കാലയളവിൽ ദുബൈ നിരത്തിൽ സർവിസ് നടത്തും. ഹല ടാക്സി പ്ലാറ്റ്ഫോം മുഖേനയാണ് ഇവ സർവിസ് നടത്തുക. ഉബർ, കരീം, യാൻഗോ എന്നിവയുടെ സേവനവും ഇതിന് പുറമെ ലഭ്യമായിരിക്കും. എക്സ്പോ സിറ്റിയുടെ ഓപർച്യുനിറ്റി, മൊബിലിറ്റി, സസ്റ്റൈനബിലിറ്റി, മെട്രോ ഗേറ്റുകളിൽ നിന്ന് ടാക്സികൾ ലഭിക്കും. അബൂദബി ഇന്റർനാഷനൽ എയർപോർട്ടിൽനിന്ന് എക്സ്പോ സിറ്റിയിലേക്ക് ഷട്ടിൽ സർവിസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
എക്സ്പോ സിറ്റി രണ്ട് സോണുകളാക്കും
ഉച്ചകോടിയുടെ സമയത്ത് എക്സ്പോ സിറ്റി ബ്ലൂ സോൺ, ഗ്രീൻ സോൺ എന്നിങ്ങനെ രണ്ടായി തിരിക്കും. ബ്ലൂ സോൺ പൂർണമായും യു.എൻ തന്നെയാണ് നിയന്ത്രിക്കുക. സർക്കാർ പ്രതിനിധികൾ, മാധ്യമങ്ങൾ എന്നിവക്കാണ് ഈ മേഖലയിൽ പ്രവേശനം ലഭിക്കുന്നത്.
അൽ വസ്ൽ പ്ലാസയും വിവിധ സമീപ കെട്ടിടങ്ങളും ഈ സോണിലാണ് ഉൾപ്പെടുന്നത്. ഡിസംബർ 3 മുതൽ 12 വരെ പൊതുജനങ്ങൾക്കായി തുറക്കുന്ന ഭാഗമാണ് ഗ്രീൻ സോൺ. സസ്റ്റൈനബിലിറ്റി ഡിസ്ട്രിക്റ്റ്, മൊബിലിറ്റി പവിലിയൻ, വിഷൻ ആൻഡ് വിമൻസ് പവിലിയനുകൾ, സർ റിയൽ വാട്ടർ ഫീച്ചർ, അൽ ഫുർസാൻ പാർക്ക് തുടങ്ങിയ ഭാഗങ്ങൾ ഇതിൽ ഉൾപ്പെടും.
ഗ്രീൻ സോൺ സന്ദർശിക്കുന്നതിന് പാസ് ആവശ്യമാണ്. സൗജന്യമായി ലഭിക്കുന്ന പാസ് വഴി നിശ്ചിത ദിവസം ഒറ്റത്തവണ മാത്രമാണ് പ്രവേശനം നൽകുക. സൗജന്യ ഗ്രീൻ സോൺ ഡേ പാസിനായി ബുക്കിംഗ് ഇപ്പോൾ കോപ്28 വെബ്സൈറ്റിൽ ലഭ്യമാണ്. ഒരു ദിവസം 70,000 പേർ വരെ സൈറ്റ് സന്ദർശിക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നത്. സംഗീത പരിപാടികൾ, ഇവന്റുകൾ, ഷോകൾ എന്നിവ ഉച്ചകോടിയുടെ ദിവസങ്ങളിൽ ആസൂത്രണം ചെയ്തിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു