കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുകേസില്‍ മുഖ്യപ്രതി പി. സതീഷ് കുമാറിന്റെ സ്വകാര്യ പണമിടപാട് സ്ഥാപനമായ ‘ദേവി ഫിനാന്‍സിയേഴ്സ്’ സി.പി.എമ്മിന്റെ ഫണ്ടിങ് ഏജന്‍സിയെപ്പോലെ പ്രവര്‍ത്തിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). ദേവി ഫിനാന്‍സിയേഴ്സില്‍നിന്ന് സി.പി.എമ്മിന്റെ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പലപ്പോഴും പണം കൈപ്പറ്റിയതിനുള്ള രേഖകളും സാക്ഷിമൊഴികളും ഇ.ഡി. ഹാജരാക്കി.
മുന്‍ മന്ത്രിയും ഇടതുമുന്നണി കണ്‍വീനറുമായ ഇ.പി. ജയരാജന്,, സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മുന്‍ എം.പി. പി.കെ. ബിജു, മുന്‍മന്ത്രി എ.സി. മൊയ്തീന് എം.എല്‍.എ., ദേശാഭിമാനി പത്രം എന്നിവ ദേവി ഫിനാന്‍സിയേഴ്സില്‍നിന്ന് പണം കൈപ്പറ്റിയിട്ടുണ്ടെന്ന് സി.പി.എം. നേതാവ് അരവിന്ദാക്ഷന് മൊഴി നല്‍കിയതായും വ്യക്തമാക്കിയിട്ടുണ്ട്.
ഇ.പി. ജയരാജന് മന്ത്രിയായിരുന്ന കാലത്ത് രണ്ടുതവണ പി. സതീഷ് കുമാറിനൊപ്പം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതും മൊഴിയിലുണ്ട്. എന്നാല്‍, ഇ.പി. ജയരാജന് പണം നല്കിയതുസംബന്ധിച്ച് അരവിന്ദാക്ഷന്റെ മൊഴിയില്‍നിന്ന് വ്യക്തമല്ലെന്നും ഇ.ഡി. വ്യക്തമാക്കിയിട്ടുണ്ട്.
2015 ഒക്ടോബറിലും 2016 ജനുവരിയിലും ദേവി ഫിനാന്‍സിയേഴ്സില്‍നിന്ന് 18 ലക്ഷം രൂപവീതം രണ്ടുതവണ ദേശാഭിമാനി പത്രത്തിന്റെ അക്കൗണ്ടിലേക്ക് നല്കി. ഇത് സതീഷ് കുമാര്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. സതീഷ് കുമാറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ചോദ്യംചെയ്യലില്‍ ഇതിന്റെ രേഖകള്‍ ഹാജരാക്കിയതായും ഇ.ഡി. കോടതിയില്‍ പറഞ്ഞു.
നേതാക്കള്‍ക്ക് നല്കിയ തുകയുടെ വിശദവിവരങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. 2016-ല്‍ മൊയ്തീന് ആവശ്യപ്പെട്ടതനുസരിച്ച് രണ്ടുലക്ഷം രൂപ സതീഷ് നല്‍കിയത് അരവിന്ദാക്ഷന്റെ സാന്നിധ്യത്തിലാണ്. പി.കെ. ബിജു ആവശ്യപ്പെട്ടതുപ്രകാരം സതീഷിന്റെ സഹോദരന്റെ അക്കൗണ്ടില്‍നിന്ന് അഞ്ചുലക്ഷം രൂപ നല്‍കിയതായി മൊഴിയുണ്ടെന്ന് ഇ.ഡി. പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു