ദുബൈ: ഭക്ഷണം പാഴാക്കുന്നത് കുറക്കാൻ വിപുലമായ ആസൂത്രണത്തോടെ പദ്ധതി ആരംഭിക്കുന്നു. നേരത്തെ ആരംഭിച്ച, ‘നിഅ്മ’ എന്നുപേരിട്ട പദ്ധതിയിലൂടെ 2030ഓടെ പാഴാകുന്ന ഭക്ഷണം പകുതിയായി കുറക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസം യു.എ.ഇ കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രി മർയം അൽ മുഹൈരി പ്രഖ്യാപിച്ചു.
ഭക്ഷണം പാഴാക്കുന്നതിനോടുള്ള മനോഭാവം മാറ്റുന്നതിലും പൊതു-സ്വകാര്യ മേഖലയിലുടനീളം കൂടുതൽ സുസ്ഥിരമായ രീതികൾ വികസിപ്പിക്കുന്നതിനും പദ്ധതിയുടെ ഭാഗമായി ശ്രദ്ധ കേന്ദ്രീകരിക്കും. പാഴാക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറക്കുന്നതിന് രാജ്യത്തെ ഭക്ഷ്യ വ്യവസായ മേഖലയിലെ പ്രമുഖരായ 200 കമ്പനികളുമായും സംഘടനകളുമായും അധികൃതർ ധാരണാപത്രം ഒപ്പുവെച്ചിട്ടുമുണ്ട്. ഭക്ഷ്യനഷ്ടവും മാലിന്യ നിർമാർജനവും മുൻഗണനയായി സ്വീകരിക്കുന്ന സമീപനം സ്വീകരിക്കുമെന്നാണ് ജുമൈറ ഗ്രൂപ്, ഹിൽട്ടൺ ഗ്രൂപ്, റൊട്ടാന ഗ്രൂപ്, എക്സ്പോ സിറ്റി എന്നിവയുൾപ്പെടെ കമ്പനികളും സംഘടനകളും കരാറിലെത്തിയത്. നാലാമത് ദേശീയ ഭക്ഷ്യസുരക്ഷ സംവാദത്തിലാണ് ഇക്കാര്യം അധികൃതർ വെളിപ്പെടുത്തിയത്.
രാജ്യം ആഗോള കാലാവസ്ഥ ഉച്ചകോടി (കോപ് 28)ക്ക് ആതിഥേയത്വം വഹിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം പരിഹരിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന എല്ലാ മേഖലകളിലും നടപടികൾ സ്വീകരിക്കാൻ ബാധ്യതയുണ്ടെന്ന് മന്ത്രി മർയം അൽ മുഹൈരി പറഞ്ഞു.
വീടുകളിൽ ഭക്ഷണം പാഴാക്കിയാൽ കനത്ത പിഴ ഈടാക്കാനുള്ള നിയമം പരിഗണനയിലുണ്ടെന്ന് ‘നിഅ്മ’ സെക്രട്ടറി ജനറൽ ഖുലൂദ് ഹസൻ അൽ നുവൈസ് പറഞ്ഞു. രാജ്യത്ത് പാഴാക്കപ്പെടുന്ന ഭക്ഷണത്തിന്റെ അളവ് വലിയ ‘ആശങ്കയുളവാക്കുന്നതാണ്. പ്രതിവർഷം രാജ്യത്ത് ഏതാണ്ട് 600 കോടി ദിർഹമിന്റെ ഭക്ഷ്യവസ്തുക്കൾ പാഴാക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. 2020ലെ ഭക്ഷ്യ സുസ്ഥിരത സൂചിക പ്രകാരം പ്രതിവർഷം രാജ്യത്ത് ഒരാൾ 224 കിലോ ഭക്ഷണ വസ്തുക്കളാണ് പാഴാക്കുന്നത്. യൂറോപ്പിനേയും വടക്കേ അമേരിക്കയേയും താരതമ്യം ചെയ്യുമ്പോൾ യു.എ.ഇയിൽ പാഴാക്കപ്പെടുന്ന ഭക്ഷ്യ വസ്തുക്കളുടെ അളവ് രണ്ടിരട്ടിയാണ് – നുവൈസ് വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു