അജ്മാന്: ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡില്‍ നിന്ന് അജ്മാനെ ബന്ധിപ്പിക്കുന്ന പുതിയ പാലം അടുത്ത മാസം തുറക്കും. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ സ്ഥിതി ചെയ്യുന്ന ഉമ്മു ഫാനിൻ ഏരിയയുടെ നിലവിലെ ഇന്റർസെക്ഷൻ വികസിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയത്തിലെ വെസ്റ്റേൺ റീജ്യൻ പ്രോജക്ട്സ് വകുപ്പ് ഡയറക്ടർ എൻജിനീയർ മുനീറ അബ്ദുൽ കരീം പറഞ്ഞു. ഷാർജ എമിറേറ്റിലെ ഇന്റർചേഞ്ച്-3 ൽനിന്ന് അജ്മാനിലെ അൽ തല്ല, അൽ നുഐമിയ മേഖലയിലേക്ക് മൂന്നുവരിപ്പാലവും അൽ നുഐമിയ ഏരിയയിൽനിന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്ക് രണ്ടുവരിപ്പാലവും നിർമിക്കുന്നത് പദ്ധതിയിൽ ഉൾപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു.
പാലം പൂര്‍ത്തിയാകുന്നതോടെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്നും അജ്മാനിലേക്കുള്ള ഗതാഗതക്കുരുക്കിന് വലിയതോതില്‍ ശമനമുണ്ടാകും. നിലവില്‍ വൈകുന്നേരങ്ങളില്‍ അജ്മാനിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ നീണ്ടനിരയാണ് കണ്ടുവരുന്നത്.
പുതിയ പാലം പൂര്‍ത്തിയാകുന്നതോടെ വളരെ വേഗത്തില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്നും അജ്മാനിലേക്ക് പ്രവേശിക്കാന്‍ കഴിയുമെന്നത് യാത്രക്കാരെ സംബന്ധിച്ച് വലിയ ആശ്വാസമാകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു