ബെംഗളൂരു: പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ കർണാടകയിലെ ചിത്രദുർഗ മുരുഗരാജേന്ദ്ര ബ്രുഹാൻ മഠാധിപതി ശിവമൂർത്തി ശരണ വീണ്ടും അറസ്റ്റിൽ. ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ പോക്സോ കേിൽ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് അറസ്റ്റ്.
ആദ്യ കേസിൽ ജാമ്യത്തിലിറങ്ങിയതിനു തൊട്ടുപിന്നാലെയാണ് പോക്സോ കേസിൽ വീണ്ടും അറസ്റ്റുണ്ടായത്. ചിത്രദുർഗയിലെ അഡീഷനൽ സെഷൻസ് കോടതി-2 ജഡ്ജ് ബി.കെ കോമളയാണ് മഠാധിപതിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതും ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കാൻ നിർദേശിച്ചതും.
കഴിഞ്ഞവർഷം സെപ്തംബർ ഒന്നിനാണ് ഇയാളെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. ഈ കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ഈ മാസം 16നാണ് പുറത്തിറങ്ങിയത്.
ജാമ്യത്തിലിറങ്ങിയ ശിവമൂർത്തി ശരണ ദാവൻഗേരെയിലെ വിരക്ത മഠത്തിൽ കഴിയവെ ചിത്രദുർഗ പൊലീസാണ് അറസ്റ്റ് ചെയ്തത്. കേസിലെ അന്വേഷണം അവസാനിക്കുന്നതുവരെ ചിത്രദുർഗ ജില്ലയിൽ പ്രവേശിക്കരുത് എന്നതടക്കമുള്ള ഉപാധികളിന്മേലാണ് ആദ്യ പോക്സോ കേസിൽ ജാമ്യം അനുവദിച്ചത്.
ഗണിത സ്‌കൂളിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെയും ഹോസ്റ്റലിൽ താമസിക്കുന്നവരെയും ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് മൈസൂരു ആസ്ഥാനമായുള്ള ‘ഓടനാടി സേവാ സംസ്‌തേ’ എന്ന എൻജിഒയാണ് പരാതി നൽകിയത്.മൈസൂരിലെ നസറാബാദ് പോലീസ് പോക്‌സോ, എസ്‌സി/എസ്‌ടി (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരവും കേസെടുത്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു