ന്യൂഡല്‍ഹി: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുൽ മാങ്കൂട്ടത്തിലിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ദേശീയ നേതൃത്വം. അബിൻ വർക്കി, അരിത ബാബു എന്നിവരെ വൈസ് പ്രസിഡന്റുമാരായും പ്രഖ്യാപിച്ചു. ഇന്ന് നടന്ന അഭിമുഖത്തിന് ശേഷമാണ് പ്രഖ്യാപനം.
വ്യാജ തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ട് പോലീസ് കേസുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ നിയമോപദേശം തേടിയ ശേഷമായിരുന്നു ഔദ്യോഗിക പ്രഖ്യാപനം.
യൂത്ത് കോൺഗ്രസ് ഡൽഹി ആസ്ഥാനത്ത് രാവിലെ പത്ത് മണിക്കായിരുന്നു അഭിമുഖം. അഭിമുഖത്തിനിടെ ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് അബിൻ വർക്കിയെ പരിഗണിച്ചെങ്കിലും സംസ്ഥാനം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് താല്പര്യം എന്നറിയിച്ചതിനെ തുടർന്ന് വൈസ് പ്രസിഡന്റായി പ്രഖ്യാപിക്കുകയായിരുന്നു. അരിത ബാബുവിനെയും വൈസ് പ്രസിഡന്റായി പ്രഖ്യാപിച്ചു.
2,21,986 വോട്ട് നേടിയാണ് രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. അബിൻ 1,68,588 വോട്ട് നേടി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമാണ് ഫലം പുറത്തുവന്നത്.
അതേസമയം, പുതിയ നേതൃത്വം വരുന്നതിന്റെ ആശങ്കയാണ് വ്യാജ ഐ ഡി ആരോപണങ്ങൾക്ക് പിന്നിലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ സംഘടന പരിശോധിക്കും. തിരസ്കരിക്കപ്പെട്ട വോട്ടുകൾ വ്യാജ വോട്ടുകൾ അല്ല. കൃത്യമായി പ്രവർത്തിക്കുന്ന സാങ്കേതികവിദ്യയായിരുന്നു തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചത്. പല പരാതികളും പരിഹരിക്കപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടു എന്നല്ല സംഘടനയിൽ നിന്നുള്ള പരാതി. ക്രമക്കേടെ സംബന്ധിച്ച തെളിവുകൾ ഷഹബാസ് വാടേരിയുടെ കയ്യിലുണ്ടെങ്കിൽ ദേശീയ നേതൃത്വത്തിന് ഹാജരാക്കാം. സംഘടനയുടെ ഭാഗമായി നിൽക്കുന്ന ആളുകൾക്ക് ആശങ്കയുണ്ടെങ്കിൽ പരിശോധിക്കും, പരിഹരിക്കും. ഏജൻസികളുടെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു