ദുബൈ: യു.എ.ഇയിൽ ക്രിയേറ്റിവ് ബിസിനസ് രംഗത്തും വൻ കുതിപ്പ്. നടപ്പു സാമ്പത്തികവർഷത്തിലെ ആദ്യ പകുതിയിൽ രാജ്യത്ത് ക്രിയേറ്റിവ് ബിസിനസ് ലൈസൻസിനായി അപേക്ഷ നൽകിയത് 10 ലക്ഷത്തോളം കമ്പനികൾ. ഞായറാഴ്ച യു.എ.ഇ സാമ്പത്തിക മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. സാമ്പത്തിക സംയോജിത കമ്മിറ്റിയുടെ അഞ്ചാമത് വാർഷിക യോഗത്തിൽ സാമ്പത്തിക കാര്യ മന്ത്രി അബ്ദുല്ല ബിൻ തൂഖാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗം മേഖലയുടെ വികസനകാര്യങ്ങൾ ചർച്ചചെയ്തിരുന്നു.
അതേസമയം, കഴിഞ്ഞ വർഷം ഇതേ കാലയളവിലെ രജിസ്ട്രേഷൻ കണക്കുകൾ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. ക്രിയേറ്റിവ് ബിസിനസ് രംഗത്തെ കുതിപ്പ് രാജ്യത്ത് കൂടുതൽ സംരംഭങ്ങളെ ആകർഷിക്കുകയും സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നതിനായി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളുടെ ഫലമാണെന്നും യോഗം വിലയിരുത്തി.
ലോകമെമ്പാടുമുള്ള ബിസിനസ് മേഖലക്കും നിക്ഷേപകർക്കും സ്റ്റാർട്ടപ്പുകൾക്കും വിജയത്തിന് എല്ലാ സഹായങ്ങളും നൽകുന്ന ഒരു പ്രമുഖ ആഗോള സാമ്പത്തിക കേന്ദ്രമായി യു.എ.ഇ സ്വയം നിലയുറപ്പിച്ചിട്ടുണ്ടെന്നും അബ്ദുല്ല ബിൻ തൂഖ് പറഞ്ഞു.
നേരിട്ടുള്ള വിദേശ നിക്ഷേപം വർധിപ്പിക്കുന്നതിനുള്ള നടപടികൾ അടുത്തിടെ യു.എ.ഇ ത്വരിതപ്പെടുത്തിയിരുന്നു. പൂർണമായും വിദേശ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് അനുമതി നൽകുക, വിസ നിയന്ത്രണങ്ങൾ കുറക്കുക, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് വിവിധ ആനുകൂല്യങ്ങൾ അനുവദിക്കുക, നിക്ഷേപകർക്ക് സുതാര്യത മെച്ചപ്പെടുത്താനായി നിയമം അവതരിപ്പിക്കുക എന്നിവ ഇതിൽ ഉൾപ്പെടും. പുതിയ നടപടികളിലൂടെ 2020ഓടെ 550 ശതകോടി ദിർഹമിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം രാജ്യത്തേക്ക് ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്. 2051ഓടെ ഇത് ഒരു ലക്ഷം കോടി ദിർഹമായി വർധിപ്പിക്കും. ബൗദ്ധിക സ്വത്തവകാശ സംരംഭങ്ങളുടെ വികസനവും നൂതന ആശയങ്ങളുടെ പ്രോത്സാഹന നടപടികളും യോഗം ചർച്ച ചെയ്തതായി സാമ്പത്തിക മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു