ദുബൈ: റഡാർ സാറ്റലൈറ്റുകൾ വികസിപ്പിക്കാനും വിക്ഷേപിക്കാനുമുള്ള യു.എ.ഇയുടെ ‘സിർബ്’ പദ്ധതിക്ക് തുടക്കമായി. 2022ൽ പ്രഖ്യാപിച്ച ‘സിർബ്’ പദ്ധതി നടപ്പിലാക്കുന്ന ഘട്ടം ആരംഭിച്ചതായി അബൂദബി കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാനും ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ആൽ മക്തൂമും ചേർന്നാണ് പ്രഖ്യാപിച്ചത്.
ചടങ്ങിൽ പദ്ധതിയുടെ ലക്ഷ്യങ്ങളെക്കുറിച്ചും സാറ്റലൈറ്റ് പ്രോഗ്രാമിൽ വികസിപ്പിക്കാൻ ഉദ്ദേശിക്കുന്ന നൂതന സാങ്കേതികവിദ്യകളെക്കുറിച്ചും ഇരുവരും അവലോകനം ചെയ്തു. 2026ഓടെ ആദ്യത്തെ ഉപഗ്രഹം വിക്ഷേപിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ സാറ്റലൈറ്റ് വികസിപ്പിക്കുന്നതിനായി യു.എ.ഇ ബഹിരാകാശ ഏജൻസി ഒരു വ്യവസായിക കൺസോർഷ്യം രൂപവത്കരിച്ചിട്ടുണ്ട്.
മൂന്ന് സിന്തറ്റിക് അപ്പേർച്ചർ റഡാർ (എസ്.എ.ആർ) ഉപഗ്രഹങ്ങൾ വികസിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കാലാവസ്ഥ വ്യതിയാനം അടക്കമുള്ളവ വിലയിരുത്താനും ഭൂമിയുടെ ഉപരിതല മാറ്റങ്ങൾ മനസ്സിലാക്കാവുന്ന രൂപത്തിൽ ചിത്രങ്ങൾ പകർത്താനും സാറ്റലൈറ്റുകൾക്ക് സാധിക്കും.
രാത്രിയും പകലും ഏത് കാലാവസ്ഥയിലും ചിത്രങ്ങൾ പകർത്താൻ ഈ ഉപഗ്രഹങ്ങൾക്ക് കഴിയുമെന്നതും പ്രത്യേകതയാണ്.കാലാവസ്ഥ വ്യതിയാന വെല്ലുവിളികൾ നേരിടാനും പാരിസ്ഥിതിക സുസ്ഥിരതക്കും നഗരവികസനത്തിനും പ്രകൃതിദുരന്തങ്ങളെ നേരിടാനുള്ള ശ്രമങ്ങളെ സമന്വയിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷ വെല്ലുവിളികളെ മറികടക്കാനും സാറ്റലൈറ്റ് സംഭാവന നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സാറ്റലൈറ്റ് നിർമാണ രംഗത്തെ ആഗോള ഹബ്ബായി യു.എ.ഇയെ മാറ്റുന്നതിനായി ബഹിരാകാശ മേഖലയിലെ പ്രാദേശിക വിദഗ്ധരെ വർധിപ്പിക്കുമെന്ന് ചടങ്ങിൽ ശൈഖ് ഖാലിദ് പറഞ്ഞു. യു.എ.ഇയുടെ ബഹിരാകാശ രംഗത്തെ പ്രവർത്തനങ്ങളുടെ വഴിത്തിരിവാണ് ‘സിർബ്’ അടയാളപ്പെടുത്തുന്നതെന്ന് ശൈഖ് ഹംദാനും പ്രതികരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു