ദമ്മാം: ആധുനിക ഇന്ത്യയുടെ ശിൽപി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ലോകം ആദരവോടെ കാണുന്ന ബഹുമുഖ പ്രതിഭയായിരുന്നുവെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ. സലിം പറഞ്ഞു. നെഹ്റുവിെൻറ 134ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ന് നാം കാണുന്ന ഇന്ത്യയെ സൃഷ്ടിക്കാൻ അടിസ്ഥാനശില പാകിയത് നെഹ്റുവിന്റെ ദീർഘവീക്ഷണ പദ്ധതികളായിരുന്നു. ചേരിചേരാ നയം അവതരിപ്പിച്ച് ലോകശ്രദ്ധ നേടിയ ജവഹർലാൽ നെഹ്റു രാജ്യത്ത് പഞ്ചവത്സര പദ്ധതികൾ ആവിഷ്കരിച്ചും ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ പദ്ധതികൾക്ക് തുടക്കംകുറിച്ചും ശക്തമായ രാജ്യത്തെ വാർത്തെടുത്തു.
ഇത്തവണത്തെ ശിശുദിനം ആഘോഷിക്കുമ്പോൾ, പശ്ചിമേഷ്യയിൽ ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ബോംബിട്ട് കൊലപ്പെടുത്തുന്ന ഭീകരമായ അവസ്ഥയെ ലോകരാജ്യങ്ങൾ നിസ്സംഗതയോടെ നോക്കിനിൽക്കുന്ന സാഹചര്യത്തിൽ നെഹ്റുവിനെപ്പോലെയുള്ള നേതാക്കളുടെ അഭാവം ലോകം തിരിച്ചറിയുകയാണ്.
പശ്ചിമേഷ്യയിലെ യുദ്ധക്കൊതിപൂണ്ട ഭരണാധികാരിയെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് അപലപനീയമാണെന്നും അത് ഇന്ത്യയുടെ മഹിതമായ പാരമ്പര്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡൻറ് സി. അബ്ദുൽ ഹമീദ്, റീജനൽ കമ്മിറ്റി ഭാരവാഹികളായ ഇ.കെ. സലിം, റഫീഖ് കൂട്ടിലങ്ങാടി എന്നിവർ സംസാരിച്ചു. ഹനീഫ് റാവുത്തർ, ചന്ദ്രമോഹനൻ, ശിഹാബ് കായംകുളം, സിറാജ് പുറക്കാട്, ഷംസു കൊല്ലം, സുമേഷ് കാട്ടിൽ എന്നിവർ സംബന്ധിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു