ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്‌സും, റെസ്പോൺസ് പ്ലസ് മെഡിക്കലുമാണ് സുപ്രധാന ദൗത്യത്തിന്റെ ഭാഗമായത്; ഗാസ അതിർത്തിലെത്തി പരിക്കേറ്റവർക്ക് പരിചരണം നൽകി യുഎഇയിലെത്തിച്ചവരിൽ ഡോ. സൈനുൽ ആബിദിനും
അബുദാബി: ഗാസയിൽ ഗുരുതരമായി പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകാനുള്ള യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇടപെടൽ അന്താരാഷ്‌ട്ര ശ്രദ്ധനേടുമ്പോൾ പ്രവാസികൾക്ക് അഭിമാനമായി മലയാളി ആരോഗ്യസ്ഥാപനങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും മുൻ നിര പങ്കാളിത്തം. പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിൽ ചെയർമാനായ ബുർജീൽ ഹോൾഡിങ്‌സും റെസ്പോൺസ് പ്ലസ് ഹോൾഡിങ്ങുമാണ് (ആർപിഎം) ഇന്നലെ തുടക്കമായ ദൗത്യത്തിൽ സർക്കാർ ഏജൻസികൾക്കൊപ്പം സുപ്രധാന പങ്കുവഹിക്കുന്നത്. ബുർജീൽ മെഡിക്കൽ സിറ്റിയിൽ നിന്നും ആർപിഎമ്മിൽ നിന്നുമുള്ള ഇരുപതോളം ആരോഗ്യ പ്രവർത്തകരാണ് വെള്ളിയാഴ്‌ച വൈകീട്ട് ഗാസ അതിർത്തിയിലെ അൽ അരിഷിലേക്ക് പുറപ്പെട്ടത്. ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി, എൻഎംസി റോയൽ ഹോസ്പിറ്റൽ എന്നീ ആശുപത്രികളിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരും സംഘത്തിലുണ്ടായിരുന്നു.
ബുർജീൽ മെഡിക്കൽ സിറ്റിയിൽ പീഡിയാട്രിക് ഹെമറ്റോളജിസ്റ്റായ മലയാളി ഡോക്ടർ സൈനുൽ ആബിദിൻ സംഘത്തിൽ സുപ്രധാന പങ്കുവഹിച്ചു. പരിക്കേറ്റ കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യ നില പരിശോധിച്ച് പ്രാഥമിക പരിചരണം ഉറപ്പാക്കാനായിരുന്നു ഗാസ- ഈജിപ്ത് അതിർത്തിയിലെ അൽ അരിഷ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ മെഡിക്കൽ സംഘത്തിന്റെ ശ്രമം. ഇത് പൂർത്തിയാക്കിയ ശേഷം പരിക്കേറ്റവരെ പ്രത്യേക വിമാനത്തിൽ കയറ്റി. രാവിലെ ഏഴേ മുക്കാലോടെയാണ് ഒൻപത് രോഗികളുമായി വിമാനം അബുദാബി വിമാനത്താവളത്തിൽ എത്തിയത്. ഇവരെ സുരക്ഷിതരായി ആശുപത്രികളിലേക്ക് മാറ്റാൻ കൂടുതൽ ആരോഗ്യ പ്രവർത്തകരും പാരാമെഡിക്കുകളും സന്നിഹിതരായിരുന്നു. ഒപ്പം സർക്കാർ, എമിറേറ്റ്സ് റെഡ്ക്രസന്റ് പ്രതിനിധികളും. ആർപിഎമ്മിന്റെ ആംബുലൻസുകൾ പുലർച്ചെ തന്നെ റൺവേയ്ക്ക് സമീപം നിലയുറപ്പിച്ചു. പ്രത്യേക വിമാനം ലാൻഡ് ചെയ്തതോടെ കുട്ടികളെയും സ്ത്രീകളെയും ആംബുലൻസിലേക്ക് മാറ്റി. ഉടൻ ബുർജീൽ മെഡിക്കൽ സിറ്റി അടക്കമുള്ള ആശുപത്രികളിൽ എത്തിച്ച ഇവർക്ക് അടിയന്തര പരിചരണവും തുടർ ചികിത്സയും ആരംഭിച്ചു.
നിർണ്ണായക മാനുഷിക ദൗത്യത്തിലൂടെ ചികിത്സയും പിന്തുണയും നൽകിയ യുഎഇ നേതൃത്വത്തിന് ഗാസയിൽ നിന്നെത്തിയവർ നന്ദി പറഞ്ഞു. ചികിത്സയ്ക്കായി കൂടുതൽ പേർ വരും ദിവസങ്ങളിൽ അബുദാബിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.