ദുബൈ: ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ കുട്ടികളെ രാജ്യത്തെത്തിച്ച് ചികിത്സ നൽകുന്ന പദ്ധതിക്ക് തുടക്കമായി. 1000 കുട്ടികളെ രാജ്യത്തെത്തിച്ച് ചികിത്സിക്കുമെന്ന് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ചിരുന്നു. ഗുരുതര പരിക്കേറ്റവരടക്കം കുട്ടികളുടെ ആദ്യ സംഘം കഴിഞ്ഞ ദിവസം അബൂദബിയിലെത്തി. 15ഓളം കുട്ടികളെയും കുടുംബാംഗങ്ങളെയും വിമാനമാർഗം ഈജിപ്തിലെ ആരിഷ് വിമാനത്താവളത്തിൽനിന്നാണ് എത്തിച്ചത്.
റഫ അതിർത്തി വഴിയാണ് ഇവരെ ഗസ്സക്ക് പുറത്തെത്തിച്ചത്. പിന്നീട് ഈജിപ്തിൽ വെച്ച് പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. യു.എ.ഇയിലെ വിവിധ ആശുപത്രികളിൽനിന്നുള്ള ഡോക്ടർമാരും നഴ്സുമാരും അടിയന്തര ആരോഗ്യസേവന ജീവനക്കാരും റഫ അതിർത്തിയിലുണ്ട്. ഇവരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് യു.എ.ഇയിലേക്ക് എത്തിക്കേണ്ട കുട്ടികളെ നിർണയിക്കുന്നത്.
ആദ്യ സംഘത്തെ വിജയകരമായി അബൂദബിയിലെത്തിക്കാൻ കഴിഞ്ഞതായും വരുംദിവസങ്ങളിലും ആഴ്ചകളിലും കൂടുതൽ പേരെ എത്തിക്കുമെന്നും എമിറേറ്റ്സ് റെഡ് ക്രസന്റ് മേധാവി മുഹമ്മദ് ഖാമിസ് അൽ കഅബി പറഞ്ഞു. വിമാനമാർഗം യു.എ.ഇയിൽ എത്തിക്കുന്നതിന് തടസ്സമുള്ള കുട്ടികളെയും മുതിർന്നവരെയും ചികിത്സിക്കുന്നതിന് എമിറേറ്റ്സ് റെഡ് ക്രസന്റ് റഫയിൽ ഫീൽഡ് ആശുപത്രി നിർമിക്കുന്നുണ്ട്. ഗസ്സയിൽ സഹായമെത്തിക്കുന്നതിന് യു.എ.ഇ പ്രഖ്യാപിച്ച ‘ഗാലന്റ് നൈറ്റ്-3’ ഓപറേഷന്റെ ഭാഗമായാണ് ആശുപത്രി നിർമിക്കുന്നത്. ഫീൽഡ് ആശുപത്രിയിലേക്ക് ആവശ്യമായ ഉപകരണങ്ങളും സാമഗ്രികളും വിമാനമാർഗം എത്തിച്ചിട്ടുണ്ട്.
150 കിടക്കകളുള്ള ഫീൽഡ് ആശുപത്രി ഒന്നിലധികം ഘട്ടങ്ങളിലായാണ് സ്ഥാപിക്കാൻ ലക്ഷ്യമിടുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും തീവ്രപരിചരണ വിഭാഗം, അനസ്തേഷ്യ, ജനറൽ സർജറി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, ഗൈനക്കോളജി എന്നീ വകുപ്പുകൾ ആശുപത്രിയിൽ സജ്ജീകരിക്കും. ഇന്റേണൽ മെഡിസിൻ, ദന്തചികിത്സ, സൈക്യാട്രി, ഫാമിലി മെഡിസിൻ എന്നിവക്കുള്ള ക്ലിനിക്കുകളും ഇവിടെയുണ്ടാകും. ഗസ്സയിലെ ജനങ്ങൾക്ക് ആശ്വാസം പകരുന്നതിന് കടൽവെള്ള ശുദ്ധീകരണ കേന്ദ്രങ്ങൾ നിർമിക്കാനും യു.എ.ഇ പദ്ധതിയുണ്ട്. എമിറേറ്റ്സ് റെഡ് ക്രസന്റ്, ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷൻ, സായിദ് ചാരിറ്റബ്ൾ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ചാണ് പ്രതിരോധ മന്ത്രാലയം നവംബർ 5ന് ‘ഗാലന്റ് നൈറ്റ്-3’ ആരംഭിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു