ദുബൈ: ഇതിഹാസതാരങ്ങൾ ഏറ്റുമുട്ടിയ ലജൻഡ് ഫുട്ബാൾ ലീഗിന്റെ ഉദ്ഘാടനമത്സരത്തിൽ വേൾഡ് ഇലവന് ഉജ്ജ്വല ജയം. ദുബൈ ആൽമക്തൂം സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ മൂന്നിനെതിരെ എട്ടു ഗോളിനാണ് റെഡ് ഡെവിൾസിനെ തോല്പിച്ചത്.
ഇന്ത്യയിൽനിന്നുള്ള ഏക ന്യൂസ് ചാനലായി മീഡിയ വൺ മീഡിയ പാർട്ണറായ മത്സരം വീക്ഷിക്കാൻ ആയിരക്കണക്കിന് കാണികൾ സ്റ്റേഡിയത്തിൽ എത്തിയിരുന്നു.
റെഡ് ഡെവിൾസിനു കീഴിൽ മുൻ മാഞ്ചസ്റ്റർ താരങ്ങൾ അണിനിരന്നപ്പോൾ വിവിധ രാജ്യങ്ങളിലെ ലോകോത്തര താരങ്ങളുമായാണ് വേൾഡ് ഇലവൻ കളത്തിലിറങ്ങിയത്. എട്ടാം മിനിറ്റിൽ മുൻ ഫ്രഞ്ച് താരം ലുഡോവിക്ക് ഗ്വിലിയാണ് ലോക ഇലവനായി ആദ്യ ഗോൾ നേടിയത്. 15ാം മിനിറ്റിൽ സാഗ്നയിലൂടെ വീണ്ടും മുന്നിലെത്തി. എന്നാൽ, 28ാം മിനിറ്റിൽ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ദിമിത്രി ബർബറ്റോവ്, റെഡ് ഡെവിൾസിനായി ആദ്യ ഗോൾ നേടി.
മറ്റൊരു ബ്ലാസ്റ്റേഴ്സ് മുൻ താരമായ ഡേവിഡ് ജെയിംസ് പെനാൽറ്റി തടുത്തിട്ടെങ്കിലും ബെർബറ്റോവ് അത് വീണ്ടും ഗോളാക്കുകയായിരുന്നു. രണ്ടാം പകുതിയിലായിരുന്നു ഗോൾ മഴ. 58ാം മിനിറ്റിൽ വാൻക്വർ, സീഡോഫ് (62), മലൂദ (65), മെൻഡി (75), പിക്വെ (80), പെരസ് (85) എന്നിവർ ലോക ഇലവനായി വല കുലുക്കി. 69ാം മിനിറ്റിൽ പാട്രിക് വിയെരയും 79ാം മിനിറ്റിൽ ബർബറ്റോവുമാണ് റെഡ് ഡെവിൾസിന്റെ മറ്റു ഗോളുകൾ നേടിയത്. കളിക്ക് ശേഷം പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരവും നടന്നു. ലീഗിന്റെ അടുത്ത ഘട്ടം ജനുവരിയിൽ ഇന്ത്യയിൽ നടക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു