അൽ ഖത്താറയിലെ പരമ്പരാഗത കരകൗശല പ്രദർശന മേള നാളെ കൊടിയിറങ്ങും

അൽ ഐൻ അൽ ഖത്താറയിലെ ഹെറിറ്റേജ് മാർക്കറ്റിൽ സംഘടിപ്പിച്ച പരമ്പരാഗത കരകൗശല മേളക്ക് നാളെ കൊടിയിറക്കം. അബൂദബി ഡിപ്പാർട്മെന്‍റ്​ ഓഫ് കൾച്ചർ ആൻഡ് ടൂറിസമാണ് മേള ഒരുക്കിയത്. അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയായ അൽ ഐൻ മേഖലയിലെ ശൈഖ് തഹ്നൂൻ ബിൻ മുഹമ്മദ് ആൽ നഹ്​യാന്‍റെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിച്ച ട്രഡിഷണൽ ഹാന്‍റിക്രാഫ്റ്റ്‌സ് ഫെസ്റ്റിവൽ 2023 നവംബർ ഒന്ന്​ മുതൽ നവംബർ 20 വരെയാണ് നീണ്ട് നിൽക്കുന്നത്. ഇമാറാത്തി സാംസ്‌കാരിക പൈതൃകം, ശില്പവൈദഗ്ദ്ധ്യം എന്നിവ എടുത്ത് കാട്ടുന്നതാണ് ഈ മേള. അൽഐനിൽ നടക്കുന്ന ഒമ്പതാമത് പരമ്പരാഗത കരകൗശല മേളയാണിത്

പരമ്പരാഗത ഇമാറാത്തി കരകൗശലവിദ്യയുടെ ചരിത്രം, ഇമാറാത്തി സംസ്‌കാരത്തിൽ അവയ്ക്കുള്ള പ്രാധാന്യം, കരകൗശലവിദ്യയുടെ ഭാഗമായി ഉപയോഗിക്കുന്ന പരമ്പരാഗത ഉപകരണങ്ങൾ, നിർമാണരീതികൾ എന്നിവ സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്ന രീതിയിലാണ് മേള സംഘടിപ്പിച്ചത്. ഈത്തപ്പനയോല നെയ്ത്ത്, കയർ നിർമാണം, പരവതാനി, കരകൗശല വസ്തുക്കൾ, മൺപാത്രങ്ങൾ, ദാന്യങ്ങൾ പൊടിച്ചെടുക്കുന്ന പരമ്പരാഗത രീതികൾ തുടങ്ങിയവയുടെ തത്സമയ പ്രദർശനങ്ങളും സന്ദർശകർക്ക്​ കണ്ടറിയാം.

വിവിധ വിദ്യാലയങ്ങളിലെ വിദ്യാർഥികളടക്കം നിരവധി പേരാണ് ഓരോ ദിവസവും പ്രദർശനം കാണാനെത്തിയത്. വലിയ തിരക്കാണ് പ്രദർശന നഗരിയിൽ അനുഭവപ്പെട്ടത്. അൽ അയാല, അൽ അസി തുടങ്ങിയ പ്രശസ്തവും പരമ്പരാഗതവുമായ നൃത്ത ഗ്രൂപ്പുകളുമായി ഇടപഴകാനുള്ള മികച്ച അവസരമാണ് ഫെസ്റ്റിവൽ വിദ്യാർഥികൾക്ക് നൽകുന്നത്. അൽ ഖരാരീഫന്ദ് ബൈത് ബിൻ ബദ്‌വ പോലുള്ള വിദ്യാഭ്യാസ പരിപാടികളിലൂടെ ഇമാറാത്തി ഐഡന്‍റിറ്റി വർധിപ്പിക്കുന്ന സാംസ്‌കാരികവും കലാപരവുമായ പരിപാടികളിലും ശിൽപശാലകളിലും പങ്കെടുക്കാനുള്ള അവസരവും ഒരുക്കിയിരുന്നു .

വിദ്യാർഥികൾക്കും മറ്റും പരമ്പരാഗത മാർക്കറ്റ് സന്ദർശിക്കാനും കരകൗശലവും പരമ്പരാഗത ഉൽപ്പന്നങ്ങളും പരമ്പരാഗത ഭക്ഷണങ്ങളും വസ്ത്രങ്ങളും പര്യവേഷണം ചെയ്യാനുമുള്ള അവസരമുണ്ടായിരുന്നു. ഇതിൽ അലങ്കാര വസ്തുക്കളും പരമ്പരാഗത ആയുർവേദ മരുന്നുകളും ഉൾപ്പെടും. കൂടാതെ, പരമ്പരാഗത കോഫി ‘ഗഹ്​വ’ തയ്യാറാക്കലും ഈത്തപ്പഴവും മധുരപലഹാരങ്ങളുമുൾപ്പെടെയുള്ള ആദിത്യ മര്യാദകളും പരിചയപ്പെടുത്താനുള്ള അവസരവും ഉണ്ടായിരുന്നു.

മൂന്ന് ആഴ്ചയായി തുടരുന്ന മേളയിലേക്ക് ദിവസവും രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും, വൈകീട്ട് നാലു മുതൽ രാത്രി 11 മണിവരെയുമാണ് സന്ദർശകർക്ക് പ്രവേശനം. പ്രവേശനം സൗജന്യമാണ്​.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു