1950 കളിൽ കേരളത്തിനകത്തും പുറത്തും നടന്ന വോളിബോൾ ചാമ്പ്യൻഷിപ്പുകളിൽ സ്മാഷുകൾ കൊണ്ടും മെയ്വഴക്കം കൊണ്ടും എതിർ ടീമുകളെ വെള്ളം കുടിപ്പിച്ച ഒരു ആറടി പൊക്കക്കാരൻ ഉണ്ടായിരുന്നു. പേര് ഇ. എം ഹൈദ്രോസ് എന്നാണെങ്കിലും ‘ഹൈഡ്രജൻ ബോംബ്’ എന്ന അപരനാമത്തിലാണ് കളിക്കളങ്ങളിൽ ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. പഴയ തിരു കൊച്ചി ടീമിലും പിന്നീട് ഐക്യ കേരളം പിറവിയെടുത്തപ്പോൾ കേരള പോലീസ് സേനയിലും ഒന്നര ദശാബ്ദ കാലം നിറഞ്ഞാടിയ ഈ പ്ലേമേക്കറെ ജീവിച്ചിരിപ്പുള്ള മുൻകാല വോളി പ്രേമികൾക്കൊന്നും അത്ര പെട്ടെന്ന് മറക്കാനാവില്ല.
1979ൽ പോലീസ് സേനയിൽനിന്ന് വിരമിക്കും വരെയും തുടർന്ന് വിശ്രമ ജീവിതത്തിലും വോളിബോൾ എന്ന സ്പോർട്സിന് വേണ്ടി ഒരു പുരുഷായുസ്സ് നീക്കിവെച്ച അപൂർവ്വ വ്യക്തിത്വമായിരുന്നു തൃശ്ശൂർ ജില്ലയിലെ മുറ്റിച്ചൂർ സ്വദേശിയായ ഹൈദ്രോസിന്റെത്. ഇദ്ദേഹം കൊളുത്തിവെച്ച തീപ്പൊരി അടുത്ത രണ്ടു തലമുറകളിലൂടെ അന്തർദേശീയ തലങ്ങളിലേക്ക് വ്യാപിച്ച് ഖ്യാതി നേടിക്കൊണ്ടിരിക്കുകയാണ് ഇന്ന്. ഏഴ് മക്കളിൽ സത്താറും സഗീറും കേരളവർമ കോളജിലൂടെ വോളിബോൾ കളിച്ചു വളർന്നവരാണ്. 42 വർഷങ്ങളായി യു.എ.ഇയിലുള്ള സഗീറിന്റെ രണ്ട് ആൺമക്കളായ സാബിത്തും സംറൂദും യു.എ.ഇയിലെയും പോർച്ചുഗലിലെയും ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചുകൊണ്ട് മുത്തച്ഛന്റെ പാരമ്പര്യം നിലനിർത്തിപ്പോരുന്നു.
ഹൈദ്രോസ് സെന്റ് തോമസ് കോളജ് പാലാ ടീമിനൊപ്പം.ഇടത്തേയറ്റം ജിമ്മി ജോർജ്
കേരളവർമ കോളജ് ടീമിലും കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീമിലും തന്റെ പ്രാഗൽഭ്യം തെളിയിച്ച സഗീർ കേരള ജൂനിയർ ടീമിന്റെ ക്യാപ്റ്റനായും ജേഴ്സി അണിഞ്ഞിട്ടുണ്ട്. 1982 യു.എ.ഇയിലേക്ക് ചേക്കേറിയ സഗീർ 42 പ്രവാസവർഷങ്ങളിൽ തന്റെ ജോലിക്കിടയിലും വോളിബോളിനെ നെഞ്ചിലേറ്റി കൊണ്ടു നടന്നിരുന്നു. കഴിഞ്ഞ നാലു വർഷങ്ങളായി മറ്റു ജോലിയൊക്കെ വിട്ട് വിവിധ ക്ലബ്ബുകൾക്ക് മുഴുവൻ സമയ വോളിബോൾ പരിശീലകന്റെ റോളിലാണ് സഗീർ. യു.എ.ഇ സ്പോർട്സ് കൗൺസിൽ, യു.എ.ഇ വോളിബോൾ ഫെഡറേഷൻ, ഇന്ത്യൻ വോളി ലവേഴ്സ് അസോസിയേഷൻ, ദുബൈ ഡ്യൂട്ടി ഫ്രീ, ജിമ്മി ജോർജ് മെമ്മോറിയൽ ടൂർണമെന്റ് തുടങ്ങിയ വിവിധ സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കാൻ സഗീറിന് ഭാഗ്യമുണ്ടായിട്ടുണ്ട്.
പുതിയ കളിക്കാരെ കണ്ടെത്തുന്നതിനും ഈ കായിക വിഭാഗത്തിന് പ്രോത്സാഹനം നൽകുന്നതിനുമായി രൂപപ്പെട്ട ഇന്ത്യക്കാരുടെ സംഘടനയായ ഇന്ത്യൻ വോളി ലവേഴ്സ് അസോസിയേഷന്റെ സ്ഥാപകരിൽ ഒരാളാണ് സഗീർ. അഞ്ഞൂറോളം അംഗങ്ങളുള്ള ഒരു സംഘടനയായി ഇന്നിത് വളർന്നിട്ടുണ്ട്. കായികതാരം എന്നതിലുപരി മികച്ച ഒരു ഗായകനും കൂടിയായ ഇദ്ദേഹം യുഎഇയിലെ വിവിധ റേഡിയോ ടെലിവിഷൻ ചാനലുകൾ നടത്തിയ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയിലെ മത്സരാർഥി കൂടിയായിരുന്നു.
ഉപ്പയുടെയും വലിയുപ്പയുടെയും വഴിയേ സഗീറിന്റെ രണ്ടു മക്കളും ഇപ്പോൾ വിവിധ ക്ലബ്ബുകൾക്കായി കളിച്ചുകൊണ്ടിരിക്കുന്നു. എട്ടാം ക്ളാസ് മുതൽ അൽ നാസർ ക്ലബ്ബിന്റെ താരമായിരുന്ന മൂത്തമകൻ മുഹമ്മദ് സാബിത്ത് ഷാർജ യൂണിവേഴ്സിറ്റിക്ക് വേണ്ടിയും അബുദാബി ജസീറ ക്ലബ്ബിനു വേണ്ടിയും ജഴ്സി അണിഞ്ഞിട്ടുണ്ട്. ഇപ്പോൾ പോർച്ചുഗലിലെ എസ് സി കാൽഡാസ് പോർട്ടോ ക്ലബ്ബിന്റെ സെറ്ററായ ഈ 26 കാരൻ ഷെങ്കൻ രാജ്യങ്ങളിൽ തന്റെ ക്ലബ്ബിനുവേണ്ടി കളിച്ചു കൊണ്ടിരിക്കുന്നു. ജ്യേഷ്ഠന്റെ വഴിയേ അനുജൻ മുഹമ്മദ് സമ്റൂദും എട്ടാം ക്ലാസ് മുതൽ അൽ നസർ ക്ലബിൽ കളിച്ചു തുടങ്ങിയിട്ടുണ്ട്. ഇപ്പോഴും ക്ലബ്ബിന്റെ ആക്രമണനിരയിലെ കുന്തമുനയാണ് ഈ 23 കാരൻ.
സാബിത് കാൽഡോ പോർട്ടോ താരങ്ങൾക്കൊപ്പം
രണ്ട് പേരും തങ്ങൾ പഠിച്ച ഷാർജ നാഷണൽ സ്കൂളിന്റെ അമരക്കാരൻ ശ്രീ രവി തോമസിൽ നിന്നും അധ്യാപകരും സഹപാഠികളും അടങ്ങിയ സ്കൂൾ കുടുംബത്തിൽ നിന്നും ലഭിച്ച പിന്തുണ നന്ദിയോടെ സ്മരിക്കുന്നു. ഈ കുടുംബം ഇപ്പോൾ സാപ്പ് (zap ) അക്കാദമി എന്ന പേരിൽ വോളിബോൾ പരിശീലിക്കാനുള്ള ഒരു കളരി സ്ഥാപിച്ചു മുന്നോട്ടു പോകാനുള്ള ഒരുക്കത്തിലാണ്. മക്കൾക്കും ഭർത്താവിനും പിന്തുണയായി സഗീറിന്റെ സഹധർമിണി അജിതയും ഇവരുടെ വോളീയാത്രകളിലെ സ്ഥിര സാന്നിധ്യമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു