ലക്നോ: അധ്യാപക ജോലിക്കായി വ്യാജ രേഖ സമർപ്പിച്ച അധ്യാപകനെ 26 വർഷങ്ങൾക്ക് ശേഷം സർവീസിൽ നിന്നും പിരിച്ചുവിട്ടു. ഉത്തർപ്രദേശിലാണ് സഭവം. വിഹാർ ഡെവലപ്മെന്റ് ബ്ലോക്ക് ഏരിയയിലെ കല്യാൺഗഡ് നാഗർഹാൻ ഗ്രാമത്തിലെ താമസക്കാരനായ നന്ദ് കിഷോറിനെ അടർസുയിക്കെതിരെയാണ് നടപടി.
പ്രൈമറി സ്കൂളിൽ അസിസ്റ്റന്റ് ടീച്ചറായി ഇയാൾ ജോലി ചെയ്തു വരികയായിരുന്നുവന്ന് ബേസിക് ശിക്ഷാ അധികാരി (ബിഎസ്എ) ഭൂപേന്ദ്ര സിംഗ് പറഞ്ഞു. നന്ദ് കിഷോറിന്റെ അയൽവാസിയായ ചന്ദ്രിക പ്രസാദ് മിശ്രയാണ് ഇതേക്കുറിച്ച് പരാതി നൽകിയത്.
ഇതേത്തുടർന്ന് നന്ദ് കിഷോറിന് നോട്ടീസ് നൽകുകയും ഹൈസ്കൂൾ മാർക്ക് ഷീറ്റും സർട്ടിഫിക്കറ്റും സമർപ്പിക്കാനും അധികൃതർ ആവശ്യപ്പെട്ടു. അദ്ദേഹം സമർപ്പിച്ച സർട്ടിഫിക്കറ്റ് പരിശോധിച്ചപ്പോൾ 1975ൽ ഹൈസ്കൂൾ പരീക്ഷയെഴുതിയ നന്ദ് കിഷോറിന് 48 മാർക്ക് ലഭിച്ചതായും രേഖകളിൽ അദ്ദേഹത്തിന്റെ ജനനത്തീയതി 1958 ഒക്ടോബർ 28 ആണെന്നും തെളിഞ്ഞു.
എന്നാൽ, നന്ദ് കിഷോർ 1984ൽ വീണ്ടും ഹൈസ്കൂൾ പരീക്ഷ എഴുതുകയും 312 മാർക്ക് നേടുകയും ചെയ്തു. കൂടാതെ രേഖകളിൽ തന്റെ ജനനത്തീയതി 1964 ഒക്ടോബർ 28 ആയി തിരുത്തുകയും ചെയ്തു. 1997 ജൂലൈ 31നാണ് അസിസ്റ്റന്റ് ടീച്ചറായി നന്ദ് കിഷോറിനെ നിയമിച്ചത്.
നന്ദ് കിഷോർ സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതായി ബിഎസ്എ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു