ദോഹ: അൽ ബിദ്ദ പാർക്കിലെ എക്സ്പോ 2023 വേദിയിൽ ദേശീയ മനുഷ്യാവകാശ സമിതി പവിലിയൻ ചെയർപേഴ്സൻ മർയം ബിൻത് അബ്ദുല്ല അൽ അതിയ്യ ഉദ്ഘാടനം ചെയ്തു.
എക്സ്പോയിലെ ഇസ്ലാമിക സംസ്കാരത്തിലെ മനുഷ്യാവകാശങ്ങൾ, മനുഷ്യാവകാശങ്ങളും ഫുട്ബാളും എന്നീ പ്രദർശനങ്ങൾക്ക് പുറമെയാണ് പുതിയ പവിലിയനും സന്ദർശകർക്കായി തുറന്നത്. മനുഷ്യാവകാശങ്ങളെക്കുറിച്ച് ജനങ്ങളിൽ കൂടുതൽ അവബോധം വളർത്തുക, മെച്ചപ്പെട്ടതും സുസ്ഥിരവുമായ ഭാവിക്ക് ഊന്നൽ നൽകുക, പാരിസ്ഥിതിക പ്രശ്നങ്ങൾ-കാലാവസ്ഥ വ്യതിയാനം തുടങ്ങിയ ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരിക്കുക തുടങ്ങിയവയാണ് പവിലിയനിലൂടെ ലക്ഷ്യമിടുന്നത്.
സുരക്ഷിതവും ആരോഗ്യകരവും സുസ്ഥിരവുമായ അന്തരീക്ഷം ആസ്വദിക്കാനുള്ള അവകാശത്തിന് ഊന്നൽ നൽകുന്നതിനായി ഖത്തരി മനുഷ്യാവകാശ ദിനാചരണത്തിന്റെയും സ്ഥാപക സമിതിയുടെ 21ാം വാർഷിക പ്രവർത്തനങ്ങളോടുമനുബന്ധിച്ചാണ് പവിലിയൻ ഉദ്ഘാടനം. രണ്ട് പ്രദർശനങ്ങൾക്കൊപ്പം സമിതിയുടെ പവിലിയൻ തുറക്കുന്നതും എക്സ്പോ 2023നോടുബന്ധിച്ച് സമിതി സംഘടിപ്പിക്കുന്ന ബോധവത്കരണ-വിദ്യാഭ്യാസ പ്രവർത്തനങ്ങളും എക്സിബിഷന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമാണെന്ന് ഉദ്ഘാടന സംസാരത്തിനിടെ അൽ അതിയ്യ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു