ദോഹ: ഫെബ്രുവരി മാസത്തിൽ നീന്തൽ, അക്വാറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന ദോഹയിലേക്ക് പ്രത്യേക യാത്രാ പാക്കേജുകൾ പ്രഖ്യാപിച്ച് ദോഹ 2024. ചാമ്പ്യൻഷിപ് തുടങ്ങാൻ 100 ദിനം ബാക്കിയിരിക്കെയാണ് ആകർഷകമായ പാക്കേജുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഡിസ്കവർ ഖത്തറുമായി സഹകരിച്ചാണ് ദോഹ 2024 സംഘാടകർ പുതിയ പാക്കേജുകൾ അവതരിപ്പിക്കുന്നത്. ഖത്തരി തലസ്ഥാന നഗരിയിലെ ത്രീ, ഫോർ, ഫൈവ് സ്റ്റാർ ഹോട്ടലുകൾ പാക്കേജുകളിൽ ഉൾപ്പെടുന്നു. ഡിസ്കവർ ഖത്തർ വെബ്സൈറ്റിൽ ഒപ്ഷനൽ എയർപോർട്ട് ട്രാൻസ്ഫർ പാക്കേജുകളും ലഭ്യമാണ്. ലോക അക്വാറ്റിക്സ് ചാമ്പ്യൻഷിപ്പിനും മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പുകൾക്കുമായി ദോഹയിലേക്ക് യാത്ര ചെയ്യുന്ന ആരാധകർക്ക് മികച്ച വാഗ്ദാനം നൽകുന്നതാണ് യാത്രാ പാക്കേജുകളെന്ന് ദോഹ 2024 മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ, ഉദ്ഘാടന-സമാപന ചടങ്ങുകൾ എന്നിവയുടെ മേധാവിയായ ശൈഖ അസ്മ ബിൻത് ഥാനി ആൽഥാനി പറഞ്ഞു.
2024 ഫെബ്രുവരി രണ്ടുമുതൽ 18 വരെ ലോക അക്വാറ്റിക് ചാമ്പ്യൻഷിപ്പിനും ഫെബ്രുവരി 23 മുതൽ മാർച്ച് മൂന്നുവരെ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിനുമാണ് ദോഹ വേദിയാവുക.
അന്താരാഷ്ട്ര തലത്തിൽ നിരവധി അക്വാറ്റിക് ചാമ്പ്യൻഷിപ്പുകൾ വിജയകരമായി സംഘടിപ്പിച്ചതിന്റെ ട്രാക്ക് റെക്കോഡുകളാണ് ദോഹക്കുള്ളത്.
2014ലെ വേൾഡ് അക്വാറ്റിക്സ് നീന്തൽ ചാമ്പ്യൻഷിപ്പും 2021നും 2021നും ഇടയിൽ നടന്ന വേൾഡ് അക്വാറ്റിക് നീന്തൽ ലോകകപ്പ് പരമ്പരയും ഇതിലുൾപ്പെടും. ദോഹ 2024ന്റെ ടിക്കറ്റുകൾ ഈ വർഷം ഒക്ടോബർ 25 മുതൽ വിൽപനക്കെത്തിച്ചിരുന്നു. ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ക്യൂ-ടിക്കറ്റ് പ്ലാറ്റ്ഫോമിലൂടെയുമാണ് ടിക്കറ്റുകൾ ലഭ്യമാവുക.
പാക്കേജുകൾക്കായി https://www.discoverqatar.qa/world-aquatics-championships-doha-2024 എന്ന വെബ്സൈറ്റും ടിക്കറ്റുകൾക്കായി ക്യൂ-ടിക്കറ്റ്സ് വെബ്സൈറ്റും സന്ദർശിക്കുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു