ദോഹ: വ്യാഴാഴ്ച രാത്രിയിൽ കോരിച്ചൊരിയുന്ന മഴയെയും കവച്ചുവെച്ച ആവേശത്തിനൊടുവിൽ സിറ്റി എക്സ്ചേഞ്ച് ട്രോഫിക്ക് വേണ്ടിയുള്ള ഖിഫ് അന്തർജില്ല ഫുട്ബാൾ ടൂർണമെന്റിൽ കെ.എം.സി.സി പാലക്കാടിന് തകർപ്പൻ ജയം.
ആദ്യ റൗണ്ടിലെ രണ്ടാംഘട്ട മത്സരത്തിൽ പാലക്കാട് 4-2നാണ് കെ.എം.സി.സി കണ്ണൂരിനെ പരാജയപ്പെടുത്തിയത്. തുല്യശക്തികൾ തമ്മിലെ പോരാട്ടത്തിൽ ആദ്യ പകുതിയിൽ ഇരു ടീമുകളും ഒന്നിനൊന്ന് മികച്ച മുന്നേറ്റങ്ങൾ കാഴ്ചവെച്ചു.
അനുരാഗിന്റെ ഇരട്ട ഗോളിൽ കണ്ണൂരും മുസമ്മിലിന്റെ ഇരട്ട ഗോളിൽ പാലക്കാടും ഒന്നാം പകുതിയിൽ ഒപ്പത്തിനൊപ്പമായിരുന്നു.
രണ്ടാം പകുതിയിൽ കളിയിൽ വ്യക്തമായ മേധാവിത്വം പുലർത്തിയ പാലക്കാടിന് വേണ്ടി 55ാം മിനിറ്റിൽ അജ്മലും 60ാം മിനിറ്റിൽ റമീസും ഗോളുകൾ നേടി. കളിയുടെ അവസാന മിനിറ്റിൽ മഴ ശക്തമായെങ്കിലും മുറുകിയ കളിക്കായി ആരവങ്ങളുമായി കാണികളും ഒപ്പം കൂടി.
വെള്ളിയാഴ്ച വൈകീട്ട് നടന്ന ആദ്യ കളിയിൽ ടി.ജെ.എസ്.വി തൃശൂർ ഏകപക്ഷീയമായ നാലുഗോളിന് ദിവാ കാസർകോടിനെ തോൽപിച്ചു. തൃശൂരിനായി മൗസിഫ് രണ്ടും, ആൻറണി, ലിബിൻ എന്നിവർ ഓരോ ഗോളും നേടി. മറ്റൊരു മത്സരത്തിൽ ഫ്രൻഡ്സ് ഓഫ് കോഴിക്കോട് 2-1ന് യുനൈറ്റഡ് ഏറണാകുളത്തെ തോൽപ്പിച്ചു. കോഴിക്കോടിന് വേണ്ടി ആഷിഫ് ഗോൾ ഇരട്ട ഗോൾ നേടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു