ദോഹ: ആവേശകരമായ ആദ്യമത്സരത്തിലെ ഫലത്തിനു പിന്നാലെ ഇന്ത്യയുടെയും ഖത്തറിന്റെയും ഫുട്ബാൾ പ്രേമികളെ കാത്തിരിക്കുന്നത് ത്രസിപ്പിക്കുന്ന രണ്ടാം അങ്കം.
ലോകകപ്പ്-ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ ദോഹയിൽ ഖത്തർ അഫ്ഗാനിസ്താനെ 8-1 എന്ന തകർപ്പൻ സ്കോറിന് തരിപ്പണമാക്കിയപ്പോൾ, കുവൈത്തിൽ നടന്ന എവേ മാച്ചിലായിരുന്നു ഇന്ത്യയുടെ വിജയം.
ശക്തരായ എതിരാളികളെ അവരുടെ മണ്ണിൽ പിടിച്ചുകെട്ടിയ ഇന്ത്യ ഏകപക്ഷീയമായ ഒരു ഗോളിന് കുവൈത്തിനെ വീഴ്ത്തികൊണ്ട് മിന്നും വിജയം കുറിച്ചാണ് രണ്ടാം അങ്കത്തിനൊരുങ്ങുന്നത്.
ദുർബലരായ അഫ്ഗാൻ വല നിറച്ചുകൊണ്ട് കളി പിടിച്ച ഖത്തർ അൽപം കരുതലോടെയാവും ഭുവനേശ്വറിൽ നവംബർ 21ന് നടക്കുന്ന രണ്ടാം അങ്കത്തിനായി പറക്കുന്നത്. കുവൈത്തിനെ വീഴ്ത്തിയ ആത്മ വിശ്വാസത്തിൽ സ്വന്തം നാട്ടിലാണ് മത്സരമെന്നതാണ് ഇന്ത്യയുടെ പ്ലസ്. എന്നാൽ, ബൂട്ടുകെട്ടുന്നത് ഏഷ്യൻ ചാമ്പ്യന്മാരും ഫിഫ റാങ്കിങ്ങിൽ 61ാം സ്ഥാനക്കാരുമായ ഖത്തറിനെതിരായ അങ്കം എളുപ്പമായിരിക്കില്ല. കോച്ച് കാർലോസ് ക്വിറോസിനു കീഴിൽ വമ്പൻ ലക്ഷ്യങ്ങളിലേക്ക് നന്നായി തുടങ്ങിയതിന്റെ ആത്മവിശ്വാസത്തിലാണ് ഖത്തർ. കോൺകകാഫ് ഗോൾഡ് കപ്പിലെയും പിന്നാല കെനിയ, റഷ്യ ടീമുകൾക്കെതിരായ സൗഹൃദ മത്സരങ്ങളും ക്വാഡ് ചാമ്പ്യൻഷിപ്പും കഴിഞ്ഞ്, പാകമായ ടീമുമായി അഫ്ഗാനെതിരെ കളിച്ച ഖത്തർ നാല് ഗോളടിച്ച അൽ മുഈസ് അലിയുടെ മികവിൽ നിറഞ്ഞാടി.
രണ്ടാം പകുതിയിൽ അഞ്ച് സബ്സ്റ്റിറ്റ്യൂഷനുമായി എല്ലാവർക്കും അവസരം നൽകിയായിരുന്നു ക്വിറോസ് കളി തന്ത്രം മാറ്റിയത്.
2026 ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാനും, ജനുവരി -ഫെബ്രുവരിയിൽ സ്വന്തം മണ്ണിൽ നടക്കുന്ന ഏഷ്യൻ കപ്പിൽ കിരീടം നിലനിർത്താനുള്ള കളിമികവ് തേച്ചുമിനുക്കാനും ലക്ഷ്യമിടുന്ന ഖത്തറിന് പ്രതീക്ഷ നൽകുന്നതായി ആദ്യ കളിയിലെ ഫലം.
ദേശീയ കുപ്പായത്തിൽ അക്രം അഫിഫും അൽ മുഈസ് അലിയും 100 മത്സരങ്ങൾ തികച്ചതിന്റെ സവിശേഷതയും വ്യാഴാഴ്ച രാത്രിയിലെ പോരാട്ടത്തിനുണ്ടായിരുന്നു. എട്ട് ഗോൾ നേട്ടത്തിനിടയിലും 13ാം മിനിറ്റിൽ അഫ്ഗാൻ നേടിയ ഗോളായിരിക്കും കോച്ച് കാർലോസ് ക്വിറോസിനെ ചിന്തിപ്പിക്കുന്നത്. പ്രതിരോധപ്പിഴവായ ഗോളിനുള്ള സാഹചര്യം തിരിച്ചറിഞ്ഞ്, പഴുതുകളടച്ചാവും വരും ദിനം ഖത്തർ ഇന്ത്യയിലേക്ക് പറക്കുന്നത്.
21 ചൊവ്വാഴ്ച ഖത്തർ സമയം വൈകുന്നേരം 4.30നാണ് ഭുവനേശ്വറിൽ മത്സരത്തിന് കിക്കോഫ് വിസിൽ മുഴങ്ങുന്നത്. 2024 ജൂൺ വരെ നീണ്ടു നിൽക്കുന്ന ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളിൽ ഓരോ ടീമുകളും രണ്ടു തവണ ഏറ്റുമുട്ടും. അടുത്തവർഷം ജൂൺ 11നാണ് ഇന്ത്യൻ ടീം ഖത്തറിൽ കളിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു