പാലക്കാട്: റോബിന്‍ ബസിന് തമിഴ്‌നാട്ടിലും പിഴ. ചാവടി ചെക്ക്‌പോസ്റ്റില്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ 70,410 രൂപയാണ് പിഴയിട്ടത്. ടൂറിസ്റ്റ് ബസ്, സ്റ്റേജ് കാരിയറായി ഓടിയതിനും നികുതി ഇനത്തിലുമാണ് ഇത്രയും തുക പിഴയിട്ടത്.
മുഴുവന്‍ പിഴത്തുകയും അടച്ചതായി ഉടമ അറിയിച്ചു. ചാവടി ചെക്ക്‌പോസ്റ്റില്‍ ഒരു മണിക്കൂറോളം ബസ് പരിശോധിച്ചു. നേരത്തെ, കേരളത്തില്‍ നാലിടത്തായി 37,500 രൂപയോളം റോബിന്‍ ബസിന് പിഴയിട്ടിരുന്നു.
ഒരാഴ്ച സര്‍വീസ് നടത്താന്‍ കഴിയുമെന്നതിനാലാണ് തമിഴ്‌നാട് എം.വി.ഡി. ചുമത്തിയ പിഴ അടച്ചതെന്നാണ് ഉടമയുടെ വിശദീകരണം. റോഡ് ടാക്‌സിന് പുറമേ കൂടുതല്‍ പണം തമിഴ്‌നാട്ടില്‍ അടയ്‌ക്കേണ്ടി വരുന്നതിനെതിരേ ബസ് ഉടമ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.
അതേസമയം, വഴിനീളെ നിരവധിപ്പേരാണ് റോബിൻ ബസിന് പിന്തുണയുമായി തെരുവിലിറങ്ങിയത്. തൊടുപുഴയിലെത്തിയ ബസിന് ബസ് സ്റ്റാൻഡിൽ വൻ സ്വീകരണമാണ് നല്‍കിയത്.
മുന്‍പ് രണ്ടുതവണ എംവിഡി പിടികൂടിയ ബസ് ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് റോഡിലിറങ്ങുന്നതെന്ന് ബസുടമ വെള്ളിയാഴ്ച അറിയിച്ചിരുന്നു.
ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് കാര്യേജ് ആയി ഓടാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. പിഴ ചുമത്തിയ ശേഷവും യാത്ര തുടരുന്ന ബസിനെ വഴിയില്‍ ഇനിയും എംവിഡി സംഘങ്ങള്‍ തടഞ്ഞേക്കും.
റോബിൻ ബസിനെ വെട്ടാൻ കെഎസ്ആർടിസി പുതിയ കോയമ്പത്തൂർ സർവീസ് പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട – ഈരാറ്റുപേട്ട – കോയമ്പത്തൂർ വോൾവോ എസി സർവീസ് നാളെ മുതൽ ആരംഭിക്കും. പത്തനംതിട്ടയിൽ നിന്നും രാവിലെ 04:30ന് ആരംഭിക്കുന്ന സർവീസ് തിരികെ കോയമ്പത്തൂരിൽ നിന്നും വൈകുന്നേരം 04:30ന് പുറപ്പെടും. റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശ്ശൂർ, വടക്കാഞ്ചേരി, പാലക്കാട് വഴിയാണ് സർവീസ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു