മസ്കത്ത്: ഒമാൻ ശനിയാഴ്ച 53ാം ദേശീയ ദിനം ആഘോഷിക്കും. ആധുനിക ഒമാന്റെ ശിൽപിയായ അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ ജന്മദിനമാണ് രാജ്യം ദേശീയദിനമായി ആഘോഷിക്കുന്നത്. ആഘോഷ ഭാഗമായുള്ള സൈനിക പരേഡ് ദാഖിലിയ ഗവർണറേറ്റിലെ ആദം എയർ ബേസിലെ സൈനിക പരേഡ് ഗ്രൗണ്ടിൽ നടക്കും. ഒമാൻ ഭരണാധികാരിയും സർവസൈനാധിപനുമായ സുൽത്താൻ ഹൈതം ബിൻ താരിഖ് സല്യൂട്ട് സ്വീകരിക്കും. റോയൽ ഒമാൻ എയർഫോഴ്സ്, റോയൽ നേവി ഓഫ് ഒമാൻ, റോയൽ ഗാർഡ് ഓഫ് ഒമാൻ, സുൽത്താെൻറ പ്രത്യേക സേന, റോയൽ ഒമാൻ പൊലീസ്, റോയൽ കോർട്ട് അഫയേഴ്സ്, റോയൽ കാവൽറി, റോയൽ ഗാർഡ് കാവൽറി ഓഫ് ഒമാൻ, സംയുക്ത സൈനിക മ്യൂസിക്കൽ ബാൻഡ് തുടങ്ങിയ വിഭാഗങ്ങൾ ചടങ്ങിൽ പങ്കെടുക്കും. കഴിഞ്ഞ വർഷം ദോഫാർ ഗവർണറേറ്റിലെ സലാലയിലുള്ള അൽ നാസർ സ്ക്വയറിലായിരുന്നു സൈനിക പരേഡ്. ദേശീയദിനം പ്രമാണിച്ച് സുൽത്താന്‍ മന്ത്രിമാരും വിവിധ രാഷ്ട്ര നേതാക്കളും ആശംസകൾ നേർന്നു.
പുതുവിഹായസ്സിൽ…
തന്റെ മുന്‍ഗാമിയായ സുല്‍ത്താന്‍ ഖാബൂസിന്റെ പാത പിന്‍പറ്റി ഒമാനെ ആധുനിക ലോകത്തോടൊപ്പം സഞ്ചരിക്കാൻ പ്രാപ്തമാക്കുന്ന പ്രയത്നത്തിലാണ് ഹൈതം ബിൻ താരിഖ്. രാജ്യത്തിന്റെ പ്രധാന മനുഷ്യവിഭവമായ യുവതയെ പരിഗണിച്ചും ദുർബല വിഭാഗങ്ങളെ ചേർത്തുപിടിച്ചും കൂടുതൽ പുരോഗതിയിലേക്ക് നയിക്കാനുള്ള പദ്ധതികളാണ് ഒരുക്കിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ വികസനത്തിൽ പ്രവാസികളുടെ പങ്ക് തിരിച്ചറിഞ്ഞ സുൽത്താൻ അവരെകൂടി പരിഗണിക്കുന്ന നൂതനമായ പരിഷ്കാരങ്ങളും പദ്ധതികളുമാണ് വിഭാവനം ചെയ്തിട്ടുള്ളത്.
ഭാവി വികസന പ്രക്രിയയിൽ നൂതന സാങ്കേതിക വിദ്യയുടെ പങ്ക് മനസ്സിലാക്കിയ സുൽത്താൻ, ഇതിനായി പ്രത്യേക പരിപാടി ആരംഭിക്കാനും നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ വികസനത്തിന്റെ പ്രധാന ഉപകരണമായി ആർട്ടിഫിഷൽ ഇന്റലിജൻസ് (നിർമിത ബുദ്ധി-എ.ഐ) മാറുമെന്നാണ് സ്റ്റേറ്റ് കൗൺസിൽ യോഗത്തിൽ സുൽത്താൻ പറഞ്ഞത്. എ.ഐ സ്വീകരിക്കുന്നതിനും പ്രാദേശികവത്കരിക്കുന്നതിനുമായി ഒരു ദേശീയ പരിപാടി ആരംഭിക്കാൻ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെ മുൻനിര സാങ്കേതിക വിദ്യകളിലൂടെ എണ്ണമറ്റ മേഖലകളിലുടനീളം ഉൽപാദനക്ഷമതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനും ശ്രമിക്കും. ദേശീയ സമ്പദ്വ്യവസ്ഥയുടെ സുപ്രധാന സ്തംഭമായി ഡിജിറ്റൽ സമ്പദ്വ്യവസ്ഥയെ സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്.
സാമ്പത്തിക മേഖലയിൽ ഉണർവ്
ആഗോള സാമ്പത്തിക വെല്ലുവിളികൾക്കിടയിലും സാമൂഹികവും സാമ്പത്തികവുമായ മേഖലകളിലും സാമ്പത്തിക പ്രകടനത്തിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാനും സുൽത്താനേറ്റിന് കഴിഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക മിച്ചത്തിന്റെ ഒരു ഭാഗം സാമൂഹിക മേഖലകളെയും സാമ്പത്തിക വളർച്ചയെയും ഉത്തേജിപ്പിക്കുന്നതിനുമായാണ് നീക്കിവെച്ചിരിക്കുന്നത്.
എണ്ണവിലയിലുണ്ടായ മാറ്റം വികസന രംഗത്തിനും കുതിപ്പേകാനും സഹായകമായിട്ടുണ്ട്. രാജ്യത്തിന്റെ പൊതു ധനകാര്യത്തിന്റെ ദീർഘകാല സ്ഥിരത ഉറപ്പാക്കുന്നതിന്, എണ്ണ ഇതര വരുമാനം വർധിപ്പിക്കുന്നതിന് ഊന്നൽ നൽകി ദേശീയ വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. അടുത്തിടെ അവതരിപ്പിച്ച സാമൂഹിക സംരക്ഷണ സംവിധാനം സമഗ്രവും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും അതിന്റെ പ്രയോജനങ്ങൾ വ്യാപിപ്പിക്കുകയും എല്ലാവർക്കും മാന്യമായ ജീവിതം ഉറപ്പുനൽകുകയും ചെയ്യുന്നതാണ്.
അധികാര വികേന്ദ്രീകരണം ത്വരിതപ്പെടുത്തുന്നതിലും ഒമാൻ വളരെ അധികം മുൻപന്തിയിലാണ്. അടുത്തിടെ നടന്ന മുനിസിപ്പാലിറ്റി, ശൂറ കൗൺസിൽ തെരഞ്ഞെടുപ്പ് ഇതിന് മികച്ച ഉദാഹരണങ്ങളായിരുന്നു. ദേശീയ ദിനത്തോടനുബന്ധിച്ചുള്ള പൊതുഅവധി നവംബര്‍ 22, 23 തീയതികളിലാണ്. വാരാന്ത്യ ദിനങ്ങൾ ഉള്‍പ്പടെ നാല് ദിവസം തുടര്‍ച്ചയായ അവധി ലഭിക്കും. ഞായറാഴ്ചയാണ് വീണ്ടും പ്രവൃത്തി ദിവസം ആരംഭിക്കുക.
166 തടവുകാർക്ക് മാപ്പ് നൽകി
മസ്കത്ത്: രാജ്യത്തിന്റെ 53ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നിരവധി തടവുകാർക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് മാപ്പ് നൽകി. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട 166 തടവുകാർക്കാണ് മാപ്പ് നൽകിയിരിക്കുന്നത്. ഇതിൽ വിദേശികളും ഉൾപ്പെടും.
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞവർഷം 175 തടവുകാർക്കാണ് മാപ്പ് നൽകിയിരിക്കുന്നത്. ഇതിൽ 65 വിദേശികൾ ഉൾപ്പെട്ടിരുന്നു. 51ാം ദേശീയ ദിനത്തിെൻറ ഭാഗമായി 252 തടവുകാർക്കും സുൽത്താൻ മാപ്പ് നൽകിയിരുന്നു. ഇതിൽ ഇതിൽ 84 പേർ വിദേശികളായിരുന്നു. 50ാം ദേശീയ ദിനത്തിെൻറ ഭാഗമായി 150 വിദേശികളുൾപ്പെടെ 390 പേർക്കും മാപ്പ് നൽകിയിരുന്നു.
ദാഖിലിയയിൽ ഗതാഗത നിയന്ത്രണം
മസ്കത്ത്: ദേശീയദിനാഘോഷത്തിന്റെ മുന്നോടിയായി ദാഖിലിയ ഗവർണറേറ്റിലെ ചില പ്രദേശങ്ങളിൽ റോയൽ ഒമാൻ പൊലീസ് ശനിയാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ഹിസ്ൻ അൽ ഷുമുഖ് അൽ അമീർ മുതൽ ആദം എയർ ബേസ് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ഈ വർഷത്തെ സൈനിക പരേഡ് ദഖിലിയ ഗവർണറേറ്റിലെ ആദം എയർ ബേസിലെ സൈനിക പരേഡ് ഗ്രൗണ്ടിലാണ് നടക്കുന്നത്. സുൽത്താൻ ഹൈതം ബിൻ താരിഖ് സല്യൂട്ട് സ്വീകരിക്കും.
ഫലസ്തീൻ: ആഘോഷം പതാക ഉയർത്തലിലും സൈനിക പരേഡിലും ഒതുങ്ങും
ഫലസ്തീനിലെ യുദ്ധപശ്ചാത്തലത്തിൽ ഇത്തവണ ദേശീയ ദിനാഘോഷങ്ങൾ പരിമിതപ്പെടുത്തിയിട്ടുണ്ട്. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഉന്നത രക്ഷാകർതൃത്വത്തിൽ പതാക ഉയർത്തുന്നതിലും സൈനിക പരേഡിലും മാത്രമായി ആഘോഷങ്ങൾ ഒതുങ്ങും.
ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഗസ്സ മുനമ്പിലെ ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ആഘോഷങ്ങൾക്ക് പൊലിമ കുറച്ചിരിക്കുന്നത്.
സാധാരണ രാജ്യത്തിന്റെ എല്ലാവിധ പ്രൗഢിയും വിളിച്ചോതുന്ന തരത്തിലാണ് ദേശീയ ദിനാഘോഷ പരിപാടികൾ നടക്കാറുള്ളത്. ചെറുതും വലുതുമായ പട്ടണങ്ങളൊക്കെ ആഘോഷത്തിന് ദിവസങ്ങൾക്ക് മുമ്പേ കൊടിതോരണങ്ങളും വൈദ്യുതിവിളക്കുകൾകൊണ്ടും അലങ്കരിക്കും.
എന്നാൽ, ഇത്തവണ മസ്കത്തടക്കമുള്ള നഗരങ്ങളിൽ കൊടിതോരണങ്ങൾ മാത്രമാണ് വെച്ചിട്ടുള്ളത്. ചിലയിടങ്ങളിൽ വളരെ കുറഞ്ഞ രീതിയിൽ വൈദ്യുതിവിളക്കുകൾകൊണ്ട് അലങ്കരിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ രാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ വെടിക്കെട്ടും നടന്നിരുന്നു.
എന്നാൽ, കഴിഞ്ഞ വർഷം ഇതിനുപകരം ലേസർ ഷോകളാണ് നടത്തിയിരുന്നത്. നിസ്വ അടക്കമുള്ള നഗരങ്ങളിൽ സ്വദേശികളുടെ നൃത്തമടക്കമുള്ള കലാപരിപാടികളും അരങ്ങേറിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു