തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള നടപടികളാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിൽ ആകെയുള്ള ഇടതുപക്ഷ സർക്കാരിനെ ശ്വാസമുട്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
രാജ്യമാകെ നടപ്പാക്കുന്ന സാമ്പത്തിക നയത്തിന് ബദലാണ് കേരളത്തിൽ നടപ്പാക്കാൻ ശ്രമിച്ചത്. രാജ്യവ്യാപകമായി നിമന നിരോധനം നടക്കുമ്പോൾ കേരളത്തിൽ മറ്റൊരിടത്തുമില്ലാത്ത വിധം നിയമനം നടക്കുകയാണ്. ക്ഷേമപെൻഷനും മറ്റും മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നല്ല രീതിയിൽ തുടരുകയാണ്. 57,000 കോടി രൂപയിലധികം കേന്ദ്രത്തില്‍ നിന്ന് കിട്ടാനുള്ളതില്‍ കുറവ് വന്നു. ഒരു സംസ്ഥാനത്തെ എങ്ങനെ ശത്രുതാ മനോഭാവത്തോടെ കാണുന്നുവെന്നതിന്റെ ഉദാഹരണമാണിത്.
സംസ്ഥാനത്തിന് ലഭിക്കേണ്ട തുകയിൽ 18,000 കോടിയുടെ കുറവാണ് കേന്ദ്രം വരുത്തിയത്. ജി.എസ്.ടി നഷ്ടപരിഹാരം നിർത്തിവെച്ചതിലൂടെ 12000 കോടിയോളം കുറവുണ്ടായിട്ടുണ്ട്. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ കേന്ദ്രവിഹിതം 54 കോടി രൂപ കിട്ടാനുണ്ട്. ഹെൽത്ത് ഗ്രാന്റ് ഇനത്തിൽ 137 രുപയും കിട്ടാനുണ്ട്. ദുരിതാശ്വസ നിധിയിൽ നിന്ന് യു.ഡി.എഫ് കാലത്ത് 808 കോടി നൽകിയപ്പോൾ എഴരവർഷത്തിനിടെ എൽ.ഡി.എഫ് സർക്കാർ 7600 കോടി രൂപയാണ് നൽകിയത്. കെ.എസ്.ആർ.ടി.സിക്ക് യു.ഡി.എഫ് 1541 കോടി നൽകിയപ്പോൾ എൽ.ഡി.എഫ് 9700 കോടി രൂപ നൽകി. എഴുവർഷത്തിനിടെ മൂന്നു ലക്ഷം പട്ടയവും 2,22000 പി.എസ്.സി നിയമനവും നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളീയര്‍ 2016 ന് മുൻപ് കടുത്ത നിരാശയില്‍ ആയിരുന്നു. മാറ്റം ഉണ്ടാകില്ലെന്ന് കരുതിയിടത്താണ് ഇടത് സര്‍ക്കാര്‍ ഭരണത്തിലെത്തിയത്. ദേശീയ പാതയെന്ന് വിശ്വസിക്കാൻ പറ്റാത്ത രീതിയിലായിരുന്ന റോഡുകള്‍ മെച്ചപ്പെടുത്തി. ഇനി കേരളത്തില്‍ ദേശീയ പാതാവികസനം നടക്കില്ലെന്ന് ഒരു കാലത്ത് ജനം വിശ്വസിച്ചു. പക്ഷേ ഇന്നങ്ങനെയല്ല. സമയബന്ധിതമായി എല്ലാം പൂര്‍ത്തിയാക്കുമെന്ന് ജനം വിശ്വസിക്കുന്നു. കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ആയിരുന്നെങ്കില്‍ മാറ്റം ഉണ്ടാകുമായിരുന്നില്ല.
തീര്‍ത്തും സര്‍ക്കാര്‍ പരിപാടിയാണ് നവ കേരള സദസ്. പക്ഷേ യുഡിഎഫ് മഞ്ചേശ്വരം എംഎല്‍എയെ വിലക്കി. ഇത് ജനാധിപത്യ പ്രക്രിയക്കെതിരാണ്. ഈ നാട് എല്‍എഡിഎഫ് എന്നതില്‍ നിന്നും മാറി ജനമെത്തി. എല്‍ഡിഎഫിന് അപ്പുറമുള്ള ജനങ്ങള്‍ പങ്കെടുത്തു. അവര്‍ക്ക് തിരിച്ചറിവ് ഉണ്ട്. ഇകഴ്ത്തി കാണിച്ചു വിവാദം ഉണ്ടാക്കാനാണ് ശ്രമം നടന്നത്. ബസിന്റെ ആഡംബരം എന്താണെന്ന് പരിശോധിച്ചിട്ടും മനസ്സിലായില്ല. ഞങ്ങളുടെ പരിശോധന കൊണ്ട് മാത്രം അവസാനിപ്പിക്കേണ്ട. മാധ്യമപ്രവര്‍ത്തകര്‍ക്ക് ബസ്സില്‍ കയറി ആര്‍ഭാടം പരിശോധിക്കാം.
ഇടത് സര്‍ക്കാര്‍ മാധ്യമ സ്വാതന്ത്ര്യത്തിന് വിഘാതമുണ്ടാകുന്ന എന്തെങ്കിലും ചെയ്തോ? മാധ്യമങ്ങള്‍ ശത്രുതാപരമായിട്ടാണ് സര്‍ക്കാറിനോട് പെരുമാറുന്നത്. ഇടത് സര്‍ക്കാര്‍ പൊതുമേഖലയെ സംരക്ഷിക്കുന്നു. ലൈഫില്‍ നാല് ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി. ഈ വീടുകളില്‍ ലൈഫ് വക എന്ന് എഴുതി വയ്ക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു