തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ജനസമ്പർക്ക പരിപാടിയായ നവകേരള സദസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്ര നവകേരള സദസല്ല, നാടുവാഴി സദസാണെന്ന് വി മുരളീധരൻ പറഞ്ഞു. 1500 രൂപ പെൻഷൻ കൊടുക്കാനില്ലെന്നു പറയുന്നവരാണ് ഒന്നരക്കോടിയുടെ ധൂർത്ത് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
‘‘യാത്രയുടെ കാര്യം വരുമ്പോള്‍ സാമ്പത്തിക പ്രതിസന്ധിയില്ല. പെന്‍ഷനും കര്‍ഷകരുടെ കാര്യവും ചോദിക്കുമ്പോള്‍ പ്രതിസന്ധിയാണ്. കർഷകരെയും ക്ഷേമപെൻഷൻ കിട്ടാത്തവരെയും വെല്ലുവിളിക്കുകയാണ് പിണറായി വിജയൻ. യാത്ര കഴിഞ്ഞ് വരുമ്പോള്‍ ബസിനെയല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തന്നെ മ്യൂസിയത്തില്‍ വയ്ക്കും. ജനങ്ങളെ കാണിക്കാന്‍ പറ്റാത്ത അത്രയും ആഡംബരമാണ് ബസിനുള്ളിൽ. എന്തെല്ലാമുണ്ടെന്ന് ജനത്തിന് അറിയില്ല. സാമ്പത്തിക പ്രതിസന്ധിക്കാലത്ത് നടത്തേണ്ട യാത്രയാണോ ഇതെന്ന് ജനങ്ങള്‍ വിലയിരുത്തും.
ജനസമ്പർക്കം എന്നപേരിൽ മരുമകൻ മന്ത്രി മുഹമ്മദ് റിയാസ് മുൻപു നടത്തിയ പിആർ എക്സർസൈസ് കൊണ്ട് എന്തു ഗുണമുണ്ടായെന്ന് സർക്കാർ പറയട്ടെ. സ്റ്റാഫിനെ കൂട്ടി ഊരു ചുറ്റുന്ന നാടുവാഴിയാത്ര ചരിത്രത്തിൽ എങ്ങനെ രേഖപ്പെടുത്തുമെന്ന് എൽഡിഎഫ് സർക്കാർ ചിന്തിക്കട്ടെ’.’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങളെ കാണാൻ നാടുവാഴികൾ എഴുന്നള്ളുന്നതിനെ അനുസ്‌മരിപ്പിക്കുന്ന യാത്രയ്ക്കാണ് കമ്മ്യൂണിസ്റ്റ് സർക്കാർ തുടക്കം കുറിച്ചിരിക്കുന്നതെന്ന് മുരളീധരൻ പറഞ്ഞു. ബസിന്റെ കാലാവധി 15 കൊല്ലം കഴിഞ്ഞ് മ്യൂസിയത്തിൽ വച്ചാൽതന്നെ ലക്ഷക്കണക്കിന് ജനങ്ങൾ കാണാൻ വരുമെന്ന സിപിഎം നേതാവ് എ കെ ബാലന്റെ വാക്കുകളിലും മുരളീധരൻ പ്രതികരിച്ചു. യാത്ര കഴിഞ്ഞാൽ ബസ്സല്ല മറിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെയാവും മ്യൂസിയത്തിലേയ്ക്ക് കയറാൻ പോകുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു