മഞ്ചേശ്വരം: നവകേരള സദസ്സിന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്ര ചെയ്യാന്‍ ഒരുക്കിയ ബസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യമായി ബസില്‍ കയറിയ തങ്ങള്‍ക്ക്, എത്ര പരിശോധിച്ചിട്ടും ബസിന്റെ ആഡംബരമെന്താണെന്ന് മനസിലായില്ലെന്ന് അദ്ദേഹം പറഞ്ഞു. പൈവളിഗെയിലെ നവകേരള സദസ്സ് കഴിഞ്ഞ് തിരിച്ചുപോവുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ബസിലെ സൗകര്യങ്ങളെക്കുറിച്ച് പരിശോധന നടത്താമെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങളും ആദ്യമായാണ് ബസില്‍ കാസര്‍കോടുനിന്ന് കയറിയത്. ബസിന്റെ ആഡംബരമെന്താണെന്ന് ഞങ്ങള്‍ എത്ര പരിശോധിച്ചിട്ടും മനസിലായില്ല. ഏതായാലും ഞങ്ങളുടെ പരിശോധനമാത്രംകൊണ്ട് അത് അവസാനിപ്പിക്കേണ്ടതില്ല’, മുഖ്യമന്ത്രി പറഞ്ഞു.
‘പരിപാടിക്ക് ശേഷം ഇവിടുന്ന് അതേ ബസിലാണ് തിരിച്ച് കാസര്‍കോടേക്ക് പോവുക. മാധ്യമപ്രവര്‍ത്തകരോട് അഭ്യര്‍ഥനയുള്ളത്, ഞങ്ങള്‍ എല്ലാവരും കയറി ഇരുന്നതിന് ശേഷം നിങ്ങളും ആ ബസിലൊന്ന് കയറണം. നമ്മള്‍ എപ്പോഴും ലോഹ്യത്തിലാണല്ലോ? നിങ്ങള്‍ എന്ത് കൊടുത്താലും നിങ്ങളുമായി നല്ല ബന്ധമാണല്ലോ ഞങ്ങള്‍ പുലര്‍ത്തിപ്പോരുന്നത്. നിങ്ങള്‍ക്ക് അവിടെ വന്ന് അകമാകെ പരിശോധിക്കാം. എത്രത്തോളമാണ് ആര്‍ഭാട സൗകര്യമാണ് ഉള്ളതെന്ന്. അതിന് നിങ്ങളെയാകെ സാക്ഷിനിര്‍ത്തി മാധ്യമപ്രവര്‍ത്തകരെ ക്ഷണിക്കുകയാണ്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സാധാരണക്കാരന്റെ നെഞ്ചില്‍ ചവിട്ടിയാണ് ഒന്നര കോടിയുടെ ആഢംബര ബസിലെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആഢംബരയാത്രയെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തിയിരുന്നു.
ധൂര്‍ത്തിന്റേയും അഴിമതിയുടെയും പാപഭാരം ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഈ ആഢംബര യാത്രയെ കേരളീയര്‍ അവജ്ഞയോടെ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു