തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പുമായി ഏറ്റുമുട്ടുന്ന റോബിൻ ബസിനെ പൂട്ടാൻ പുതിയ തന്ത്രവുമായി കെഎസ്ആർടിസി. ഞായറാഴ്ച മുതൽ പത്തനംതിട്ട – ഈരാറ്റുപേട്ട – കോയമ്പത്തൂർ വോൾവോ എസി സർവീസ് ആരംഭിക്കും.
പത്തനംതിട്ടയിൽ നിന്നും രാവിലെ 04:30ന് ആരംഭിക്കുന്ന സർവീസ് തിരികെ കോയമ്പത്തൂരിൽ നിന്നും വൈകുന്നേരം 04:30ന് പുറപ്പെടും. റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശൂർ, വടക്കാഞ്ചേരി, പാലക്കാട് വഴിയാണ് സർവീസ്.
റോബിൻ ബസ് കോയമ്പത്തൂരിലേക്കുള്ള സർവീസ് തുടങ്ങിയശേഷം നാലു തവണയാണ് എംവിഡി തടഞ്ഞത്. എംവിഡി ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ വിവിധയിടങ്ങളിൽ നാട്ടുകാർ പ്രതിഷേധിച്ചതിനിടെ വിഷയത്തിൽ വിശദീകരണവുമായി ഗതാഗത മന്ത്രി ആൻറണി രാജു രംഗത്തുവന്നിരുന്നു. നിയമം എല്ലാവരും പാലിക്കണമെന്നും ബസിനെതിരെ സ്വീകരിക്കുന്നത് പ്രതികാര നടപടിയല്ലെന്നും മന്ത്രി ആൻറണി രാജു പറഞ്ഞു.
പത്തനംതിട്ട, പാലാ, അങ്കമാലി, പുതുക്കാട് തുടങ്ങിയ നാലിടങ്ങളിലാണ് എംവിഡി ഉദ്യോഗസ്ഥർ റോബിൻ ബസ് തടഞ്ഞ് പരിശോധന നടത്തിയത്. ബസ് ഉടമയ്ക്ക് പിന്തുണയുമായി യാത്രക്കാർ എംവിഡിയ്ക്കെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. നിയമപോരാട്ടത്തിന് തയ്യാറാണെന്നും ഹൈക്കോടതി പിഴയീടാക്കിയാൽ മാത്രമേ പിഴ ഒടുക്കുവുള്ളൂവെന്നും ഉടമ ഗിരീഷ് വ്യക്തമാക്കി. നേരത്തെ ബസ് തടഞ്ഞ് പെർമിറ്റ് ലംഘനത്തിന് 7500 രൂപ പിഴ ചുമത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു