ദുബൈ: ആഗോള വ്യോമയാന മേഖലയുടെ വൻ തിരിച്ചുവരവിനെ അടയാളപ്പെടുത്തി, ഭാവിയെക്കുറിച്ച ശുഭപ്രതീക്ഷകൾ പങ്കുവെച്ച ദുബൈ എയർഷോക്ക് സമാപനമായി. കോവിഡിന് ശേഷം വിമാനക്കമ്പനികൾ കൈവരിച്ച നേട്ടങ്ങളെ വ്യക്തമാക്കുന്ന നിലയിൽ ദശലക്ഷക്കണക്കിന് ഡോളറിന്റെ കരാറുകൾ ഒപ്പുവെച്ച മേളയിൽ സന്ദർശകരായി 1.15 ലക്ഷം പേർ പങ്കെടുത്തതായി അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച ദുബൈ സെൻട്രൽ വിമാനത്താവളത്തിൽ ആരംഭിച്ച മേളയിൽ വെള്ളിയാഴ്ചവരെ ഒഴുകിയെത്തിയ സന്ദർശകർക്കെല്ലാം നവീനവും അതിശയിപ്പിക്കുന്നതുമായ നിരവധി കാഴ്ചകളും അനുഭവങ്ങളും നൽകാനും സംഘാടകർക്ക് സാധിച്ചു. ആഗോള തലത്തിൽ വിഖ്യാതരായ വിമാന നിർമാണക്കമ്പനികൾ നിരവധി കരാറുകൾ നേടിയെടുക്കുകയും പുതിയതും പഴയതുമായ ഉപഭോക്താക്കളുമായി ബന്ധം പുതുക്കുകയും ചെയ്തു. മേളയിൽ ഒരുക്കിയ വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട വിവിധ സെഷനുകളിലെല്ലാം ശുഭപ്രതീക്ഷയാണ് ഉയർന്നുവന്നത്. 2021ൽ നടന്ന ദുബൈ എയർഷോ കോവിഡ് മഹാമാരിയിൽ നിന്ന് മേഖലയുടെ തിരിച്ചുവരവിന്റെ സൂചന മാത്രമാണ് നൽകിയതെങ്കിൽ ഇത്തവണ തിരിച്ചുവരവിനെ പൂർണമായും അടയാളപ്പെടുത്തിയെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
അഞ്ചു ദിവസങ്ങളിലായി നടന്ന പ്രദർശനത്തിൽ 148 രാജ്യങ്ങളിൽ നിന്നായി വ്യോമയാന രംഗത്തെ 1400 പ്രദർശകരാണ് ഇത്തവണ എക്സിബിഷനിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ വർഷം 1200 കമ്പനികളായിരുന്നു പ്രദർശനത്തിനെത്തിയിരുന്നത്. വ്യോമയാന രംഗത്തെ 300 പ്രമുഖരും വിവിധ വിഷയങ്ങളിൽ സംസാരിച്ചു. ആദ്യദിനം തന്നെ 19,100 കോടിയുടെ വമ്പൻ കരാറിന് പ്രദർശനം സാക്ഷിയായി.
പിന്നീടുള്ള ദിവസങ്ങളിലും ദശലക്ഷക്കണക്കിന് ഡോളറിന്റെ കരാറുകളിൽ വിവിധ അന്താരാഷ്ട്ര കമ്പനികൾ ഒപ്പുവെച്ചു. വിമാന നിര്‍മാതാക്കളും എയര്‍ ലൈന്‍ ഉടമകളും, വ്യോമയാന മേഖലയിലെ വിദഗ്ധരും സൈനിക ഉദ്യോഗസ്ഥരും വ്യവസായികളും ഉള്‍പ്പെടെ വലിയ സംഘമാണ് ഇത്തവണ മേളയിൽ സാന്നിധ്യമറിയിച്ചത്. ഉഗ്രശേഷിയുള്ള പോർവിമാനങ്ങളും ആഡംബര വിമാനങ്ങളും ഹെലികോപ്ടറുകളും സൈനിക വിമാനങ്ങളും ഇത്തവണയും പ്രദർശനത്തിലെത്തിയിരുന്നു. ഇന്ത്യയിൽ നിന്ന് പ്രതിരോധ വകുപ്പ് സഹമന്ത്രി അജയ് കെ. ഭട്ടിന്റെ നേതൃത്വത്തിൽ സംഘം എയർഷോ സന്ദർശിക്കുകയും യു.എ.ഇ പ്രതിരോധ സഹമന്ത്രി മുഹമ്മദ് അഹമ്മദ് അൽ ബുവർദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു