ഷാർജ: മലയാളിക്കും മലയാളത്തിനും മറക്കാൻ കഴിയാത്ത സുന്ദര ഗാനങ്ങളുടെ കുളിർമഴ പെയ്യിച്ച് അകാലത്തിൽ പൊലിഞ്ഞു പോയ വയലാർ രാമവർമ എന്ന അനശ്വര പ്രതിഭയുടെ പാട്ട് ജീവിതത്തിനൊപ്പം സഞ്ചരിക്കാനുള്ള അവസരമൊരുങ്ങുന്നു.
ഇന്ത്യയിലും വിദേശത്തുമായി പ്രവർത്തിക്കുന്ന സംഗീത കൂട്ടായ്മയായ ‘ഇന്ത്യൻ മ്യൂസിഷ്യൻസ് ഫോറം’ വയലാറിന്റെ ഗാനങ്ങൾ ഉൾപ്പെടുത്തി ‘വയലാർ സന്ധ്യ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന സംഗീതനിശ ഇന്ന് വൈകുന്നേരം അഞ്ചു മുതൽ രാത്രി 10 മണി വരെ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കും.
വയലാറിന്റെ പുത്രനും കവിയും ഗാനരചയിതാവുമായ വയലാർ ശരത് ചന്ദ്രവർമ മുഖ്യാതിഥിയാകും. ചടങ്ങിൽ അദ്ദേഹത്തെ ആദരിക്കും. തുടർന്ന് പിന്നണി ഗായകരായ കല്ലറ ഗോപൻ, വിജേഷ് ഗോപാൽ, ഗ്രീഷ്മ കണ്ണൻ എന്നിവർ വയലാറിന്റെ ഗാനങ്ങളുമായി അരങ്ങിലെത്തും.
യു.എ.ഇയിലെ പ്രശസ്തരായ വാദ്യ കലാകാരന്മാരും ഗായികാ ഗായകന്മാരും പരിപാടിയുടെ ഭാഗമാകും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു