ദോഹ: സ്വദേശികളും പ്രവാസികളും ഉൾപ്പെടെ ഖത്തറിലെ പൊതുജനങ്ങളുടെ ആരോഗ്യ പരിചരണത്തിൽ പ്രധാന ആശ്രയമായ ഹമദ് മെഡിക്കൽ കോർപറേഷന്റെ അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞ വർഷം സേവനങ്ങൾ ഉപയോഗപ്പെടുത്തിയത് ഏഴു ലക്ഷത്തിലധികം പേർ. എച്ച്.എം.സി അത്യാഹിത വിഭാഗം ആക്ടിങ് തലവൻ ഡോ. അഫ്താബ് മുഹമ്മദ് ഉമറാണ് മുൻവർഷത്തെ പ്രവർത്തന മികവു സംബന്ധിച്ച് വിശദീകരിച്ചത്.
രോഗീപരിചരണത്തിന്റെ നിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ആശുപത്രിയിലെ കാത്തിരിപ്പ് സമയം കുറക്കുന്നതിന് സഹായകമായെന്ന് അദ്ദേഹം പറഞ്ഞു.
കൺസൽട്ടന്റ് ഫിസിഷ്യന്മാരും സ്പെഷലിസ്റ്റുകളുമടങ്ങുന്ന മെഡിക്കൽ സംഘം ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂർ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗങ്ങളിൽ കർമനിരതരാണെന്നും ഡോ. അഫ്താബ് ഉമർ കൂട്ടിച്ചേർത്തു.
എച്ച്.എം.സിക്കു കീഴിലെ എല്ലാ അത്യാഹിത വിഭാഗങ്ങളും വലിയ വിപുലീകരണ, നവീകരണ പ്രവർത്തനങ്ങൾക്ക് വിധേയമായിട്ടുണ്ടെന്നും സന്ദർശകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് മികച്ച അന്താരാഷ്ട്ര മെഡിക്കൽ നിലവാരത്തിനനുസരിച്ച് നൂതന ചികിത്സ സംവിധാനങ്ങൾ നൽകുന്നതായും അദ്ദേഹം പറഞ്ഞു. എച്ച്.എം.സി പീഡിയാട്രിക് എമർജൻസി ഡിപ്പാർട്മെന്റ് നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയതായും സമീപ വർഷങ്ങളിൽ പ്രതിവർഷം ആറു ലക്ഷത്തിലധികം പേരാണ് പീഡിയാട്രിക് അത്യാഹിത വിഭാഗങ്ങളിലെത്തുകയെന്നും പീഡിയാട്രിക് മേധാവിയും അത്യാഹിത വിഭാഗം തലവനുമായ ഡോ. മുഹമ്മദ് അൽ അംരി പറഞ്ഞു. അന്താരാഷ്ട്ര ചികിത്സ പ്രോട്ടോകോളുകളാണ് പീഡിയാട്രിക് അത്യാഹിത വിഭാഗങ്ങളിൽ പിന്തുടരുന്നതെന്നും എല്ലാ വർഷവും അവ പുതുക്കിക്കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശൈത്യകാലത്ത് പീഡിയാട്രിക് എമർജൻസി വിഭാഗത്തിൽ രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്നും ശൈത്യകാലത്തെ തിരക്കിനെ നേരിടാൻ ഡോക്ടർമാർക്ക് അധിക ജോലി നൽകുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു