ദോഹ: കാർഷിക വികസനത്തിലും പാരിസ്ഥിതിക വൈവിധ്യംകൊണ്ടും മനോഹരമായ പ്രകൃതികൊണ്ടും ലോക പ്രസിദ്ധമാണ് വിയറ്റ്നാം.
ലോകമെങ്ങുമുള്ള സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായ വിയറ്റ്നാമിനെ അടയാളപ്പെടുത്തുന്ന ദോഹ എക്സ്പോയിലെ പവിലിയൻ കഴിഞ്ഞ ദിവസമാണ് തുറന്നത്.
ഖത്തറിലെ വിയറ്റ്നാം സ്ഥാനപതി ട്രാൻ ഡോക് ഹോങ്ങും ദോഹ എക്സ്പോ 2023 കമീഷണർ ജനറൽ അംബാസഡർ ബദർ ബിൻ ഒമർ അൽ ദഫായും ചേർന്ന് നിരവധി നയതന്ത്ര തലവന്മാരുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് പവിലിയൻ ഉദ്ഘാടനം ചെയ്തത്.സമ്പന്നമായ പൈതൃകവും സാധ്യതകളും അവസരങ്ങളും ഊർജസ്വലമായ സംസ്കാരവും മനോഹരമായ ഭൂപ്രകൃതിയുമുള്ള ഒരു ജനതയുടെ കഥ പറയുകയാണ് എക്സ്പോയിലെ വിയറ്റ്നാമീസ് പവിലിയൻ.
കാർഷിക മേഖലയിലെ വിയറ്റ്നാമിന്റെ വിജയഗാഥകളും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലും സുസ്ഥിര വികസനം കൈവരിക്കുന്നതിലുമുള്ള രാജ്യത്തിന്റെ വിശാലമായ കാഴ്ചപ്പാടുകളും സന്ദർശകർക്കു മുന്നിൽ തുറന്ന പുസ്തകമായി പവിലിയൻ പ്രദർശിപ്പിക്കുന്നു.വിയറ്റ്നാം ജനതയെക്കുറിച്ച വിവരങ്ങൾ, രാജ്യത്തിന്റെ പ്രകൃതം, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചും പവിലിയൻ സന്ദർശകർക്ക് ആഴത്തിലുള്ള അറിവ് നൽകും.
രാജ്യത്തെ ഏറ്റവും പ്രസിദ്ധമായ കാർഷികരീതികളും സമ്പന്നമായ സാംസ്കാരിക പൈതൃകവും പ്രദർശിപ്പിക്കുന്ന പവിലിയൻ, സുസ്ഥിരവും നൂതനവുമായ കാർഷികരീതികളോടുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുകയും വൈവിധ്യമാർന്ന സംസ്കാരത്തെ ഉയർത്തിക്കാട്ടുകയും ചെയ്യുന്നുവെന്ന് വിയറ്റ്നാം അംബാസഡർ ട്രാൻ ഡോക് ഹോങ് പറഞ്ഞു.
ആഗോളതലത്തിൽ കാർഷിക, സാംസ്കാരിക മേഖലകളിൽ വിയറ്റ്നാമിന്റെ സംഭാവനകളെക്കുറിച്ച് പൊതുജനങ്ങളിലെ ധാരണയും മതിപ്പും വർധിപ്പിക്കുന്നതിന് പവിലിയൻ സംഭാവന ചെയ്യുമെന്ന് പ്രത്യാശിക്കുന്നതായും ഹോങ് കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു