ദോഹ: ലോക പ്രമേഹദിനത്തോടനുബന്ധിച്ച് റിയാദ മെഡിക്കല്‍ സെന്റര്‍ ഖത്തര്‍ ഡയബറ്റിക് അസോസിയേഷനുമായി സഹകരിച്ച് പ്രമേഹ ബോധവത്കരണ കാമ്പയിന് സംഘടിപ്പിച്ചു. റിയാദ മെഡിക്കല്‍ സെന്ററില്‍ നടന്ന പരിപാടി ഖത്തര്‍ ഡയബറ്റിക് അസോസിയേഷന് കെയര്‍ പ്രോഗ്രാം ഓഫിസര്‍ സെയ്ന് അല്‍ യാഫി ഉദ്ഘാടനം ചെയ്തു. ‘പ്രമേഹത്തെക്കുറിച്ചുള്ള ബോധവത്കരണവും പരിചരണവും കൂട്ടായ പ്രവര്‍ത്തനം ആവശ്യപ്പെടുന്നതാണ്. നമ്മുടെ അറിവും ആവശ്യമായ ചികിത്സാസംവിധാനങ്ങളുമുപയോഗിച്ച് വ്യക്തികളെ ശാക്തീകരിക്കാനും ഫലപ്രദമായി പ്രമേഹത്തെ സമൂഹത്തില്‍നിന്ന് അകറ്റിനിര്‍ത്താനും ഇത്തരം കാമ്പയിനുകള്ക്കാവും’ -സെയ്ന് അല്‍ യാഫി പറഞ്ഞു.ആരോഗ്യമുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കാനും കൃത്യമായ ബോധവത്കരണത്തിലൂടെയും ചികിത്സയിലൂടെയും പ്രമേഹ രോഗത്തെ തടയുന്നതിനാവശ്യമായ പാക്കേജുകള്‍ നല്‍കിയും ഇത്തരം കാമ്പയിനുകളുമായി സഹകരിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് റിയാദ മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ പറഞ്ഞു.
ഡയബറ്റിക്സിനെക്കുറിച്ച് പൊതുസമൂഹത്തിന് ബോധവത്കരണം നല്‍കാനും എല്ലാവര്ക്കും താങ്ങാനാവുന്ന വിധമുള്ള സമഗ്രമായ പ്രമേഹപരിചരണവും രോഗപ്രതിരോധ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദൗത്യവുമാണ് പ്രധാനമായും കാമ്പയിന് ലക്ഷ്യമിടുന്നതെന്ന് റിയാദ മെഡിക്കല്‍ സെന്റര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ കലാം പറഞ്ഞു. വിവിധ ബോധവത്കരണ സെഷനുകള്‍ക്കൊപ്പം പ്രമേഹപരിശോധന, രക്തസമ്മർദ പരിശോധന, ഡോക്ടര്‍ കണ്സൽട്ടേഷന് അടങ്ങുന്ന സൗജന്യ ഡയബറ്റിക് സ്ക്രീനിങ് പാക്കേജും റിയാദ മെഡിക്കല്‍ സെന്റര്‍ വാഗ്ദാനംചെയ്തു. ജെ.സി.ഐ അംഗീകാരം ലഭിച്ച മള്‍ട്ടി സ്പെഷാലിറ്റി മെഡിക്കല്‍ സെന്ററാണ് ദോഹയിലെ സി റിങ് റോഡില്‍ ഹോളിഡേ വില്ല സിഗ്നലിനു സമീപം സ്ഥിതിചെയ്യുന്ന റിയാദ മെഡിക്കല്‍ സെന്റര്‍.വിശാലമായ കാര്‍പാര്‍ക്കിങ് സൗകര്യമുള്ള റിയാദയില്‍ പതിനഞ്ചോളം സ്പെഷാലിറ്റികള്ക്കു പുറമേ ലബോറട്ടറി, റേഡിയോളജി, ഫാര്‍മസി, ഒപ്റ്റിക്കല്‍സ് എന്നിവയുടെ സേവനവും ലഭ്യമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു