മസ്കത്ത്: ലോകകപ്പ് യോഗ്യത മത്സരത്തിൽ ഒമാന് തകർപ്പൻ വിജയത്തുടക്കം. സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ ചൈനീസ് തായിപേയിയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് തകർത്തത്. ഇതോടെ ഗ്രൂപ് ഡിയിൽ വിലപ്പെട്ട മൂന്നു പോയന്റും റെഡ്വാരിയേഴ്സ് സ്വന്തമാക്കി. ഇരുപകുതികളിലായി ഉമർ അൽമാലിക്കി, അഹമ്മദ് അൽകാബി, മത്താഹ് സലേഹ് എന്നിവരായിരുന്നു ഒമാന് വേണ്ടി ഗോൾ നേടിയത്.
കളിയുടെ വിസിൽ മുഴങ്ങിയതു മുതൽ ആതിഥേയരുടെ ആധിപത്യമായിരുന്നു കണ്ടിരുന്നത്. ഇടത്-വലതു വിങ്ങുകളിലൂടെയുള്ള റെഡ്വാരിയേഴ്സിന്റെ മുന്നേറ്റത്താൽ തായിപേയിയുടെ ഗോൾമുഖം വിറച്ചു. പലപ്പോഴും ഭാഗ്യങ്ങൾകൊണ്ടായിരുന്നു ഗോൾ അകന്നുനിന്നത്. ഒടുവിൽ 17ാം മിനിറ്റിൽ അഹമ്മദ് അൽകാബിയാണ് സുൽത്താനേറ്റിനുവേണ്ടി വലകുലുക്കിയത്. ഗ്രൗണ്ടിന്റെ മധ്യഭാഗത്തിൽനിന്ന് നീട്ടിക്കിട്ടിയ പന്ത് മനോഹരമായ ഹെഡിലൂടെ ഗോളാക്കുകയായിരുന്നു. സമനില പിടിക്കാൻ ചൈനീസ് തായിപേയി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഒമാന്റെ പ്രതിരോധത്തിൽ തട്ടി മുനയൊടിഞ്ഞു. ഇതിനിടെ ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ കോർണറിലൂടെ അഹമ്മദ് അൽകാബി രണ്ടാം ഗോളും സ്വന്തമാക്കി.
കൂടുതൽ സ്കോർ ചെയ്യുക എന്ന തന്ത്രവുമായാണ് രണ്ടാം പകുതിയിൽ സുൽത്താനേറ്റ് കളത്തിലിറങ്ങിയിരുന്നത്. എതിർ ഗോൾമുഖം ലക്ഷ്യമാക്കി ആക്രമണം കനപ്പിച്ചെങ്കിലും വിജയം കാണാൻ ആതിഥേയർക്കായില്ല. ഒടുവിൽ 90ാം മിനിറ്റിൽ മത്താഹ് സലേഹ് ഒമാന് വേണ്ടി മൂന്നാം ഗോളും നേടി. ആദ്യ പകുതിയിൽനിന്ന് തികച്ചും വ്യത്യസ്തമായ കളിസമീപനമായിരുന്നു ചൈനീസ് തായിപേയി സ്വീകരിച്ചിരുന്നത്. പ്രതിരോധത്തിന് മൂർച്ച കൂട്ടുകയും ഒപ്പം കൗണ്ടർ അറ്റാക്കിങ്ങുകളിലൂടെ കളംനിറഞ്ഞ് കളിക്കുകയും ചെയ്തു. പക്ഷേ, ഗോൾ മാത്രം നേടാനായില്ല. ഒമാന്റെ അടുത്ത മത്സരം നവംബർ 21ന് നടക്കും. കിർഗിസ്താനാണ് എതിരാളികൾ. കിർഗിസ്താനിലെ സ്പാർട്ടക്ക് സ്റ്റേഡിയത്തിൽ വൈകീട്ട് ആറുമണിക്കാണ് കളി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു