മസ്കത്ത്: ഒമാനിലെ മലമ്പാതകളിലൂടെയും മറ്റും ബൈക്കിൽ യാത്രനടത്തി ശ്രദ്ധേയരായ മലയാളി കൂട്ടായ്മയായ ബൈക്കർ ബ്രദേഴ്സിന്റെ പ്രഥമ അന്താരാഷ്ട്ര യാത്രക്ക് വ്യാഴാഴ്ച തുടക്കമാകും. ടൂ വീലറിൽ മസ്കത്തിൽനിന്ന് ദുബൈയിലേക്കാണ് ഇവർ യാത്രക്കൊരുങ്ങുന്നത്.
ഇതിൽ കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുള്ള എട്ടോളം അംഗങ്ങളാണുള്ളത്. രാവിലെ തുടങ്ങുന്ന യാത്ര ഒമാനിലെ വിവിധ മലഞ്ചരിവുകളും കുന്നുകളും താണ്ടി വൈകീട്ടോടെ സുഹാറിൽ എത്തും.
ഇവിടെ രാത്രി തങ്ങി വെള്ളിയാഴ്ച രാവിലെ യാത്ര പുനരാരംഭിക്കും. ഉച്ച 12.30ഓടെ ദുബൈയിൽ എത്തുന്നരീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ശനിയാഴ്ച രാത്രിയോടെ ഒമാനിൽ തിരിച്ചെത്തുകയും ചെയ്യും. മസ്കത്തിൽ വിവിധമേഖലകളിൽ പ്രവർത്തിക്കുന്ന സാജിദ്, രാജേന്ദ്രൻ, അഹമ്മദ് ഹാദി, റഈസ്, ഗോപിനാഥ്, വിവേക് ജോസഫ്, അമീർ, തഫ്സി തുടങ്ങിയവരാണ് യാത്രാസംഘത്തിലെ അംഗങ്ങൾ.
ഒമാനിൽ നിരവധി യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും ഇത്തരത്തിൽ സുൽത്താനേറ്റിന് പുറത്തേക്കുള്ള ട്രിപ് ആദ്യമായിട്ടാണെന്ന് ഗ്രൂപ് അംഗങ്ങളിലൊരാളായ ഗോപിനാഥ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ദുബൈയിലുള്ള ചില റൈഡർമാരുമായി കൂടിക്കാഴ്ചയും നടത്തും. സമയപരിമിതിയുള്ളതിനാൽ ഈ ട്രിപ്പിൽ കൂടുതൽ പര്യവേക്ഷണം ചെയ്യാൻ ഞങ്ങൾക്ക് കഴിയില്ല. എങ്കിലും ഈ യാത്രയുടെ അനുഭവം മുതലെടുത്ത് തുർക്കിയ, സൗദി എന്നിവിടങ്ങളിലേക്ക് വരും മാസങ്ങളിൽ റൈഡിങ്ങിന് ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സാഹസികയാത്ര ഇഷ്ടപ്പെടുന്ന ഒമാനിലെ പ്രഫഷനൽ റൈഡിങ് കൂട്ടായ്മയാണ് ബൈക്കർ ബ്രദേഴ്സ്. എല്ലാവിധ റോഡ് നിയമങ്ങളും അധികൃതർ നിർദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് സംഘം യാത്ര നടത്തുന്നത്. ഈ മലയാളി കൂട്ടായ്മ സിറ്റി റൈഡിങ്ങിന് പുറമെ, ബന്ദറുൽ ഖൈറാൻ, ജബൽ സിഫ, സൂർ, ആദം, നഖൽ തുടങ്ങിയ ദീർഘദൂര യാത്രകളും നടത്തിയിട്ടുണ്ട്. ഒമാനിലെ ഔദ്യോഗിക റൈഡിങ് കൂട്ടായ്മയായ ഒമാൻ റൈഡേഴ്സുമായി സഹകരിച്ചാണ് പല പരിപാടികളും നടത്താറുള്ളതെന്നും ബൈക്കർ ബ്രദേഴ്സ് അംഗങ്ങൾ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു